എടപ്പാള്‍: എസ്.എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയത്തിന് ആളെകിട്ടാതായതോടെ എല്ലാ അധ്യാപകരെക്കൊണ്ടും നിര്‍ബന്ധമായും അപേക്ഷ അയപ്പിക്കണമെന്ന് എ.ഇ.മാര്‍ക്ക് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ നിര്‍ദേശം. ചുമതലയുള്ള പ്രഥമാധ്യാപകര്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

കോവിഡ് ഭീഷണിപോലും വകവെക്കാതെ ഒട്ടേറെ പ്രതിസന്ധികളും പരീക്ഷണങ്ങളും മറികടന്ന് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് യോഗ്യതയുള്ള എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പത്താംതരം അധ്യാപകരില്‍നിന്ന് ഇക്കഴിഞ്ഞ 15നാണ് പരീക്ഷാഭവന്‍ അപേക്ഷ ക്ഷണിച്ചത്. ചീഫ് എക്‌സാമിനര്‍, അസി.എക്‌സാമിനര്‍ എന്നീ തസ്തികകളിലേക്ക് അതത് ജില്ലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. നിശ്ചിതഫോറത്തില്‍ പ്രഥമാധ്യാപകന് നല്‍കുന്ന അപേക്ഷ അദ്ദേഹം പരിശോധിച്ച് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് അധ്യാപകരെല്ലാം നിര്‍ബന്ധമായും അപേക്ഷിക്കണമെന്ന് ആദ്യഉത്തരവിലുണ്ടായിരുന്നെങ്കിലും പലരും ഇനിയും അപേക്ഷകള്‍ നല്‍കാത്തതാണ് നിലപാട് കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

Content Highlights: SSLC valuation 2021