കോഴിക്കോട്: എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. മേയ് 21-നും 29-നും ഇടയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. അതിനിടയില്‍ പൊതുഗതാഗതസൗകര്യം സജ്ജമാകുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.

പരീക്ഷാ ഒരുക്കങ്ങള്‍ക്കായി സ്‌കൂള്‍ ഓഫീസുകള്‍ തിങ്കളാഴ്ചമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ക്ലാസ്മുറികളും ഓഫീസും സ്റ്റാഫ്‌റൂമും അണുനാശനം നടത്തുകയും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുകയും വേണം.

കോവിഡ് നിരീക്ഷണ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലോ മറ്റോ പരീക്ഷ നടത്താന്‍ പ്രയാസമുള്ള സ്‌കൂളുകള്‍ അക്കാര്യം തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ അറിയിക്കണം. ഇതര സംസ്ഥാനങ്ങളിലോ മറ്റു ജില്ലകളിലോ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളുടെ വിവരം നല്‍കണം. കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പ്രോജക്ടറുകള്‍, ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കണം.

പൊതുഗതാഗത സൗകര്യമില്ലാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്കെത്തിക്കണമെന്ന നിര്‍ദേശം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്ക സ്‌കൂള്‍ മേധാവികള്‍ക്കുണ്ട്.

നഗരപ്രദേശത്തെ പല വിദ്യാലയങ്ങള്‍ക്കും സ്വന്തംബസുകളുള്ളതിനാല്‍ കുട്ടികളെ പരിക്ഷയ്‌ക്കെത്തിക്കുന്നതിന് പ്രയാസമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവുംഅടുത്തുള്ള സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാമൂഹികഅകലം പാലിച്ച് എല്ലാ പരീക്ഷകളും നടത്തേണ്ടതിനാല്‍ എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചയ്ക്കുശേഷമാണ് നടത്തുക.

തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വിദ്യാര്‍ഥിപ്രവേശനം, ക്ലാസ് കയറ്റപ്പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തില്ല. ഇക്കാര്യങ്ങള്‍ക്കായുള്ള നിര്‍ദേശം വൈകാതെ നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ പരീക്ഷയ്‌ക്കെത്താനാവാത്ത കുട്ടികള്‍ക്ക് സേ പരീക്ഷയെഴുതുക മാത്രമാണ് പോംവഴിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചത്.

Content Highlights: SSLC, Plustwo exams, Schools should provide transportation facility, Lockdown, Corona Outbreak