തിരുവനന്തപുരം: ലോക്ഡൗണ്‍ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ബാക്കിയുള്ള എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ തയ്യാറാക്കിയില്ല. ലോക്ഡൗണ്‍ മേയ് 17-ന് അവസാനിക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്താല്‍ മേയ് 21-നും 29-നുമിടയ്ക്ക് ഈ പരീക്ഷകള്‍ നടത്തും. വിദ്യാഭ്യാസ ഗുണമേന്മാ സമിതിയുടേതാണ് തീരുമാനം.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പംതന്നെ വി.എച്ച്.എസ്.ഇ. പരീക്ഷകളും നടക്കും. പ്ലസ്വണ്‍ പരീക്ഷകളും ഇതേസമയത്ത് നടക്കും. ചില സ്‌കൂളുകള്‍ കോവിഡ് സെന്ററാണ്. അവയ്ക്കു പകരം മറ്റ് സംവിധാനം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഓരോ സ്‌കൂളിലെയും എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ കഴിയുമോ എന്ന് പരിശോധിക്കും. യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

കോവിഡ് ജോലിയിലുള്ള അധ്യാപകര്‍ 14 ദിവസം ക്വാറന്റൈന് വിധേയമാകേണ്ടതിനാല്‍ അവര്‍ക്ക് പകരം പ്രൈമറി അധ്യാപകരെ നിയമിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെടും. ഡെപ്യൂട്ടി ചീഫുമാരായ അധ്യാപകര്‍ ജില്ലയ്ക്കു പുറത്താണെങ്കില്‍ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും. ഡി.എല്‍.എഡ്. പരീക്ഷ ജൂണ്‍ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം ലോക്ഡൗണിനുശേഷം മതിയെന്നാണ് തീരുമാനം. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം മേയ് 13-ന് ആരംഭിക്കും.

Content Highlights: SSLC, Plustwo exam timetable not  decided, Corona virus, Covid-19, Lockdown