തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതു പരിഗണിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ അറിയിച്ചു. ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതില്‍ ഉചിതമായതു തിരഞ്ഞെടുക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.
മറ്റു ക്ലാസുകള്‍ തുടങ്ങുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ക്യു.ഐ.പി. യോഗം ചര്‍ച്ചചെയ്തില്ല. അടുത്തമാസം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിത്തുടങ്ങുന്നതോടെ ഓരോ കുട്ടിയുമായും വ്യക്തിപരമായി അധ്യാപകര്‍ ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണം. ഡി.എല്‍.എഡിന്റെ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം രൂപവത്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.
ആശങ്കയോടെ അധ്യാപകരും രക്ഷിതാക്കളും
മാര്‍ച്ചില്‍ത്തന്നെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ ആശങ്ക പങ്കിട്ട് അധ്യാപകരും രക്ഷിതാക്കളും. കോവിഡ് മാനദണ്ഡം പാലിച്ച് ജനുവരിയില്‍ ക്ലാസ് തുടങ്ങുകയും പരീക്ഷ നീട്ടിവെക്കുകയും വേണമെന്നാണ് ആവശ്യം.
അവധിക്കാലം ഉപേക്ഷിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കായി സജ്ജരാക്കാം. ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ പറയുന്നത്ര കാര്യക്ഷമമായി നടന്നിട്ടില്ല. ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യം ഇപ്പോള്‍ ക്ലാസുകള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
ഹയര്‍സെക്കന്‍ഡറിയിലും മറ്റും രണ്ടാം ടേമില്‍ പഠിപ്പിച്ചുതീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ശാസ്ത്രവിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഭാഷാവിഷയങ്ങളിലടക്കം പലതിലും പാഠഭാഗങ്ങള്‍ തൊട്ടിട്ടുപോലുമില്ലെന്നും അധ്യാപകര്‍ പറയുന്നു.
അധ്യാപകരെ സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം
ഒരാഴ്ച പകുതിപ്പേര്‍, തൊട്ടടുത്തയാഴ്ച ബാക്കിയുള്ളവര്‍ എന്ന രീതിയിലോ, പകുതിപ്പേര്‍വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ എന്ന രീതിയിലോ അധ്യാപകരെ സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം.
Content Highlights: SSLC, Plus two syllabus reduction under consideration