തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം നടത്തുന്നതിന്റെ ഭാഗമായി മാറ്റിവെച്ച പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മാതൃഭൂമി ന്യൂസിനോട്. നിലവിൽ സാമ്പ്രദായിക രീതിയിൽത്തന്നെ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്.

എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആയില്ലെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം കുട്ടികൾക്ക് പഠിക്കാൻ സമയം നൽകിക്കൊണ്ടാകും പരീക്ഷാ തീയതികൾ തീരുമാനിക്കുന്നത്. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതൽ എട്ട് വരെയുള്ള വിദ്യാർഥികളെ അടുത്ത ക്ലാസ്സുകളിലേക്ക് വിജയിപ്പിക്കും. ഒമ്പതാം ക്ലാസ്സിലുള്ള വിദ്യാർഥികളെ ഓണപ്പരീക്ഷ-ക്രിസ്മസ് പരീക്ഷാ മാർക്കുകളുടെ ശരാശരി നോക്കി വിജയിപ്പിക്കും. പത്ത്, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ ഉറപ്പായും നടത്തും. പരീക്ഷകളുടെ കാര്യത്തിൽ ഒരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികൾക്ക് അവിടെ ലോക്ക്ഡൗൺ മാറുന്ന മുറയ്‍ക്ക് പരീക്ഷ നടത്തും.

അടുത്ത അധ്യായന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ ഓൺലൈൻ വഴിയും ഡൗൺലോഡ് ചെയ്‌യാം. അക്കാദമിക് വർഷം വൈകിയാരംഭിച്ചാലും കരിക്കുലത്തിൽ മാറ്റം വരുത്തില്ലെന്നും മന്ത്രി അറിയിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല.

യു.പിയിൽ കുടുങ്ങിക്കിടക്കുന്ന ചെന്നിത്തല നവോദയ വിദ്യാലയത്തിലെ കുട്ടികളെ സഹായിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

Content Highlights: SSLC, Plus two Exams will be held after lockdown