തിരുവനന്തപുരം: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ലോക്ഡൗൺ തീരുന്ന മേയ് മൂന്നിനുശേഷം ഒരാഴ്ചകൂടി കഴിഞ്ഞ് നടത്താനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഗുണമേന്മാ സമിതിയുടേതാണ് തീരുമാനം. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ വേണ്ടിവന്നാൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തും.

പ്ലസ് വൺ പരീക്ഷ നീട്ടുന്ന കാര്യവും ആലോചിക്കും. ഹോട്സ്പോട്ട് പ്രദേശങ്ങളെക്കൂടി പരിഗണിച്ചേ പരീക്ഷ തീരുമാനിക്കൂ. പരീക്ഷാഭവൻ നടത്തുന്ന മറ്റു പരീക്ഷകളുടെ കാര്യം ലോക്ഡൗണിനുശേഷം തീരുമാനിക്കും. മൂല്യനിർണയം കേന്ദ്രീകൃതമായി നടത്തും. മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം കൂട്ടും. അധ്യാപകർക്ക് വീടിനു സമീപത്തെ ക്യാമ്പിൽ പങ്കെടുക്കാം.

പ്രൈമറിവിഭാഗം അധ്യാപകർക്ക് അഞ്ചുദിവസത്തെ (20 മണിക്കൂർ) ഓൺലൈൻ പരിശീലനം നൽകും. വീടുകളിലിരുന്ന് പങ്കാളികളാകാം. ഏതെങ്കിലും ദിവസം വിട്ടുപോയാൽ കൈറ്റിന്റെ സൈറ്റിൽ െറക്കോഡ് ചെയ്തത് ഉപയോഗിച്ച് പരിശീലനം നേടാം.

ഡി.ജി.ഇ. ജീവൻ ബാബു, സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, വി.കെ. അജിത്‌കുമാർ, അബ്ദുള്ള വാവൂർ, എം.കെ. ബിജു, ടി.വി. അനൂപ് കുമാർ, അലക്സ് സാം, രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.

സർവകലാശാലാ പരീക്ഷകൾ പിന്നീട് സർവകലാശാലാ പരീക്ഷകൾ തീവണ്ടി, വിമാന സർവീസുകൾ പുനരാരംഭിച്ചശേഷമേ ഉണ്ടാകൂ. ഇക്കാര്യത്തിൽ അതത് സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നു കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കി. മേയ് 11-നു ശേഷം പരീക്ഷകൾ നടത്താമെന്നുകാണിച്ച് സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. അതാണിപ്പോൾ മാറ്റിയത്.

Content Highlights: SSLC, Plus two Exams will be conducted after lockdown