കോഴിക്കോട്: പാഠഭാഗങ്ങള്‍ പകുതിയോളം ബാക്കിനില്‍ക്കെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് തുടങ്ങുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി ജനുവരി ഒന്നുമുതല്‍ റിവിഷനും സംശയദൂരീകരണവും നടത്താനാണ് നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്നതിനിടയില്‍ വേണം ബാക്കിയുള്ള പാഠഭാഗങ്ങള്‍ ഓടിച്ചുതീര്‍ക്കാന്‍.
എസ്.എസ്.എല്‍.സി.യുടെ പകുതിയോളം ഭാഗങ്ങളേ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസില്‍ തീര്‍ന്നിട്ടുള്ളൂ. ഹയര്‍സെക്കന്‍ഡറിയിലും സ്ഥിതി വ്യത്യസ്തമല്ല. വ്യത്യസ്ത കോമ്പിനേഷനുകളിലായി 50-ലേറെ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. അതില്‍ പല വിഷയങ്ങളിലും പകുതിയിലേറെ ഭാഗങ്ങള്‍ ബാക്കിയാണ്. മുഖ്യധാരയില്‍ പരിഗണിക്കപ്പെടാത്ത ചില വിഷയങ്ങള്‍ക്കാകട്ടെ, ക്ലാസുകള്‍ തീരേ കിട്ടിയിട്ടുമില്ല. അധ്യാപകര്‍ വാട്‌സാപ്പിലും മറ്റും നല്‍കുന്ന ക്ലാസുകള്‍മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്രയം.
ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, അറബിക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളിലൊക്കെ പകുതിയിലേറെ ഭാഗങ്ങള്‍ ബാക്കിയാണ്. ഫിലോസഫി ഉള്‍പ്പെടെ 11 വിഷയങ്ങളില്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് പോലും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ആയിരത്തില്‍ കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്ന വിഷയങ്ങള്‍ക്കാണ് ഈ അവഗണന.
ചോദ്യപേപ്പര്‍ കാവലിനെച്ചൊല്ലി അവ്യക്തത
ഹയര്‍സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ക്ക് സ്‌കൂളില്‍ കാവലേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെച്ചൊല്ലി അവ്യക്തത തുടരുകയാണ്. കുഴിമണ്ണ ഗവ. എച്ച്.എസ്.എസില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യക്കടലാസ് മോഷ്ടിക്കപ്പെട്ടതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയാവുന്നത്.
പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടാല്‍ കാവല്‍ചുമതല ഏറ്റെടുക്കാന്‍ ഹൈസ്‌കൂള്‍ ജീവനക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ല.
കൃത്യവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ നല്‍കാതെ പ്രിന്‍സിപ്പല്‍മാരെ ബലിയാടാക്കുന്ന അധികാരികള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടതെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ പറഞ്ഞു.
Content Highlights: SSLC, Plus two exams from march, syllabus is not covered yet, students and teachers under pressure