തിരുവനന്തപുരം: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധമാണിത്.

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാൻ കൂടുതൽസമയം വേണ്ടിവരുന്നതിനാൽ സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) കൂട്ടും. പരീക്ഷ സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുവായ മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം.

മാതൃകാചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു നൽകേണ്ട പ്രത്യേക പിന്തുണയെക്കുറിച്ച് പിന്നീട് മാർഗനിർദേശങ്ങൾ നൽകും.

കോവിഡ് കാലത്തെ സ്കൂൾപ്രവർത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കു ധാരണയുണ്ടാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം വിളിക്കും.

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രായോഗികപരീക്ഷകൾ എഴുത്തുപരീക്ഷയ്ക്കുശേഷം നടക്കും. എഴുത്തുപരീക്ഷയ്ക്കുശേഷം തയ്യാറെടുപ്പിനായി ഒരാഴ്ച സമയം അനുവദിക്കും.

ജനുവരി ഒന്നുമുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനം

ജനുവരി ഒന്നുമുതൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ക്ലാസിലെത്താം. ആവശ്യമായ ക്രമീകരണം അതത് സ്കൂളിന്റെ സാഹചര്യത്തിനനുസരിച്ചു തയ്യാറാക്കും. ജനുവരി ഒന്നുമുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. ഇക്കാലത്ത് ഏതെല്ലാം പാഠങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31-നു മുമ്പ് അറിയിക്കും.

വീഡിയോ ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ ജനുവരി 31-നു മുമ്പ് പൂർത്തിയാക്കണം. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, നോട്ടെഴുത്ത് തുടങ്ങിയവ നിരന്തര വിലയിരുത്തലുകളുടെ ഭാഗമായി സ്കോർ നൽകാൻ പരിഗണിക്കും.

Content Highlights: SSLC, plus two exam, more number of questions will be given to students to choose from