മലപ്പുറം : ഗണിതം മധുരമാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. 

2019 മാര്‍ച്ച് 13-നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നത്. 25-ന് സാമൂഹികശാസ്ത്രം പരീക്ഷ കഴിഞ്ഞ് തൊട്ടടുത്തദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു. ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടാക്കുന്നത്. കഴിഞ്ഞവര്‍ഷം 19 ദിവസംകൊണ്ട് നടത്തിയ പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും.

പരീക്ഷാസമയത്തിലും വിദ്യാഭ്യാസവകുപ്പ് മാറ്റംവരുത്തിയിട്ടില്ല. ഇത്തവണയും ഉച്ചയ്ക്ക് കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാസമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കുതന്നെ നടത്തുന്നതെന്നാണ് വിശദീകരണം. 

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ അതത് സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി. ചോദ്യപേപ്പറും അങ്ങനെ ചെയ്ത് ഇരു പരീക്ഷകളും രാവിലെ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.