പത്താംതരം വിടവാങ്ങല്‍ അതിമധുരമാക്കി മലയാളം അടിസ്ഥാനപാഠാവലി പരീക്ഷ. ഫോക്കസ് ഏരിയയിലെ നാല് പാഠങ്ങളെ മുന്‍നിര്‍ത്തിയുള്ള 60 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. എല്ലാ ചോദ്യവും അനായാസമായി ഉത്തരമെഴുതാന്‍ പാകം. ഫോക്കസ് ഏരിയയില്‍നിന്ന് പുറത്തുള്ള 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടെ ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ബഹുവികല്പ മാതൃകയിലുള്ള ആദ്യത്തെ ആറുചോദ്യങ്ങളും അതിലളിതം. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനുള്ള തുടക്കം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നു.

നിരീക്ഷണ, വിശകലന, പ്രതികരണക്കുറിപ്പുകള്‍, പ്രഭാഷണം കഥാപാത്രനിരൂപണം, ഉപന്യാസം. എഡിറ്റോറിയല്‍ തുടങ്ങിയ വ്യവഹാരരൂപങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവയായിരുന്നു എല്ലാ ചോദ്യങ്ങളും. വാങ്മയ ചിത്രത്തിലൂടെ കോരനും ചിരുതയും ഒരു ചട്ടിയുടെ ഇരുവശത്തുമായി ഇരിക്കുന്നത് അവതരിപ്പിച്ചുകൊണ്ടുള്ള നാലുമാര്‍ക്കിന്റെ പതിമ്മൂന്നാമത്തെ ചോദ്യം ദാരിദ്ര്യത്തിനിടയിലും ഊഷ്മളമായ സ്‌നേഹബന്ധം കണ്ടെത്താന്‍ ആവശ്യപ്പെടുന്നതായിരുന്നു. പ്രസ്തുത കഥാസന്ദര്‍ഭത്തിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പരിചിതമായതിനാല്‍ കഥാസന്ദര്‍ഭത്തെ വിശകലനംചെയ്യാന്‍ പ്രയാസമുണ്ടാവില്ല.

റഫീഖ് അഹമ്മദിന്റെ അമ്മത്തൊട്ടില്‍ എന്ന കവിതയെ മുന്‍നിര്‍ത്തിയുള്ള നാല് മാര്‍ക്കിന്റെ പതിനഞ്ചാമത്തെ ചോദ്യം അമ്മയെ ഉപേക്ഷിക്കാനിറങ്ങിയ മകന്റെ മാനസികസംഘര്‍ഷത്തെക്കുറിച്ചാണ്. കുട്ടിക്കാലത്ത് രോഗബാധിതനായ സന്ദര്‍ഭത്തില്‍ അനുഭവിച്ച സൂചി പ്രയോഗത്തിന്റെ നീറ്റലിലുള്ള ഓര്‍മയില്‍ മകന്‍ പിന്തിരിയുന്ന സന്ദര്‍ഭവും കുറ്റബോധത്തിന്റെ നീറ്റലുമാണ് അമ്മയെ ഉപേക്ഷിക്കാനുള്ള യാത്രയിലുടനീളം മകനെ പിന്തുടരുന്നതെന്നും വിശദമാക്കിയാല്‍ ഉത്തരമായി.

'പ്‌ളാവിലക്കഞ്ഞി' എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍ വിലയിരുത്തി കുറിപ്പുതയ്യാറാക്കാനുള്ള നാലുമാര്‍ക്കിന്റെ പതിനാറാമത്തെ ചോദ്യവും ശരാശരിയില്‍ താഴെനില്‍ക്കുന്നവര്‍ക്കും എഴുതാന്‍ സാധിക്കുന്നതാണ്.

കേവലമായ ഉത്തരമെഴുത്തിനപ്പുറം കുട്ടിയുടെ പൊതുബോധത്തിലേക്ക് ഇന്നത്തെ സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനുള്ള അവസരം മുന്നോട്ടുവെക്കുന്ന ചോദ്യങ്ങളും വന്നു. 'പ്രകൃതിയും മനുഷ്യനും' എന്ന വിഷയത്തില്‍ ഉപന്യാസം തയ്യാറാക്കാനുള്ള ആറുമാര്‍ക്കിന്റെ ഇരുപത്തിനാലാമത്തെ ചോദ്യം. നന്മനിറഞ്ഞ ഗ്രാമീണജീവിതവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും പാഠഭാഗത്ത് പരിചയപ്പെട്ടിട്ടുള്ള കുട്ടിക്ക് മികച്ചൊരു ഉപന്യാസം തയ്യാറാക്കാന്‍ കഴിയും.

ശ്രീനാരായണഗുരുവിന്റെ സന്ദേശത്തെ വിശകലനം ചെയ്യാനുള്ള നാലുമാര്‍ക്കിന്റെ ഇരുപതാമത്തെ ചോദ്യവും 'മാധ്യമങ്ങളും സമൂഹവും' എന്ന വിഷയത്തില്‍ മുഖപ്രസംഗം തയ്യാറാക്കാനുള്ള ആറുമാര്‍ക്കിന്റെ ഇരുപത്തിയഞ്ചാമത്തെ ചോദ്യവും ഫോക്കസ് ഏരിയക്ക് പുറത്തുള്ളതാണെങ്കിലും കുട്ടികള്‍ക്ക് എഴുതാന്‍ സാധിക്കുന്നതാണ്. ഭിന്നനിലവാരത്തിലുള്ള കുട്ടികളെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളായിരുന്നു അവസാനത്തെ പരീക്ഷാദിനത്തില്‍ കുട്ടികളെ കാത്തിരുന്നതെന്നു നിസ്സംശയം പറയാം. ഫസ്റ്റ്ബെല്‍ ക്‌ളാസുകളിലൂടെയും അധ്യാപകര്‍ നല്‍കിയ തുടര്‍പ്രവര്‍ത്തനങ്ങളിലൂടെയും ലഭിച്ച പഠനാനുഭവങ്ങള്‍ ആഹ്‌ളാദകരമായി പങ്കുവെക്കാനുള്ള അവസരമൊരുക്കുന്നതായിരുന്നു മലയാളം അടിസ്ഥാനപാഠാവലി പരീക്ഷ.

 
(മേപ്പാടി ജി.എച്ച്.എസ്.എസിലെ അധ്യാപകനാണ് ലേഖകന്‍)
 
Content Highlights: SSLC malayalam exam