തിരുവനന്തപുരം: പത്താം ക്ലാസിലെ ഐ.സി.ടി. പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് കൈറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഡിസൈനിങ് ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈത്തൺ ഗ്രാഫിക്സ്, ചലനചിത്രങ്ങൾ എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യബാങ്കും പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
പ്രത്യേക സോഫ്റ്റ്വേറിന്റെ സഹായത്തോടെ നടത്തുന്ന ഐ.ടി. പ്രായോഗിക പരീക്ഷയിൽ നാലുമേഖലകളിൽ നിന്നും ഇഷ്ടമുള്ള രണ്ടെണ്ണം തിരഞ്ഞെടുക്കാം. രണ്ടു ചോദ്യങ്ങളിൽ ഓരോന്ന് വീതമാണ് ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോർ വീതം ആകെ 40 സ്കോറാണ് ലഭിക്കുക. അവശേഷിക്കുന്ന 10 സ്കോർ നിരന്തര മൂല്യനിർണയത്തിലൂടെ നൽകും.
ഫെബ്രുവരി ആദ്യയാഴ്ച പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. പ്രായോഗിക പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ് വേർ ജനുവരി അവസാനത്തോടെ കൈറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.
Content Highlights: SSLC ICT practical Exams Question bank Published, KITE Victers