പാലക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഐ.ടി. വിഷയത്തിനും ഇനി മുതല്‍ ഗ്രേസ് മാര്‍ക്ക്. മറ്റെല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് ലഭിച്ചശേഷം വിദ്യാര്‍ഥികള്‍ക്ക് ബാക്കിയുള്ള ഗ്രേസ് മാര്‍ക്ക് ഐ.ടി.യുടെ എഴുത്തുപരീക്ഷയ്ക്ക് നല്‍കാനാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ആകെ 10 വിഷയങ്ങളുള്ള എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഐ.ടി.ക്കുമാത്രം ഇതുവരെ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പ്രവൃത്തിപരിചയം എന്ന നിലയില്‍ ഐ.ടി. പരീക്ഷയെ കണക്കാക്കിയിരുന്നതാണ് കാരണം.

ഐ.ടി. പരീക്ഷയ്ക്ക് ആകെ 50 മാര്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ-10, പ്രവൃത്തി പരിചയം-30, നിരന്തര മൂല്യനിര്‍ണയം-10 എന്ന തരത്തിലാണ് മാര്‍ക്ക് വേര്‍തിരിച്ചിട്ടുള്ളത്. ഇതില്‍ എഴുത്തുപരീക്ഷയ്ക്ക് പരമാവധി 10 മാര്‍ക്കുവരെ ലഭ്യമാവുന്ന വിധമാവും ഗ്രേസ് മാര്‍ക്ക് നല്കുക.

അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാം 

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന 10-ാംക്ലാസ് വിദ്യാര്‍ഥികള്‍ക്കും എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

കുട്ടികള്‍ക്ക് സൗകര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്ന് പരീക്ഷ എഴുതാനാണ് അവസരമൊരുക്കുന്നത്. മുമ്പ് പഠിച്ചിരുന്ന വിദ്യാലയത്തിലേതുകൂടി കണക്കാക്കിയാവും പരീക്ഷയ്ക്ക് ആവശ്യമുള്ള ഹാജര്‍നില നിശ്ചയിക്കുക.

Content Highlights: SSLC, Grace mark for IT