അപ്രതീക്ഷിത സാഹചര്യങ്ങളുടെ അസാധാരണതകള്‍നിറഞ്ഞ ഒരു അധ്യയനവര്‍ഷത്തെ നേരിട്ട കുട്ടികളെ ചേര്‍ത്തുപിടിച്ചു തയ്യാറാക്കപ്പെട്ടതാണ് ഈവര്‍ഷത്തെ രസതന്ത്രം ചോദ്യപ്പേപ്പര്‍. കുട്ടികളുടെ അക്കാദമികനിലവാര വ്യത്യാസങ്ങള്‍ മനസ്സില്‍ കരുതിത്തന്നെയാണ് ചോദ്യകര്‍ത്താവ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോക്കസ് ഏരിയയില്‍ നല്‍കിയ പാഠഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ചോദ്യപ്പേപ്പറില്‍ കാണാം.

ഏറ്റവും ലളിതമായ ചോദ്യത്തില്‍ തുടങ്ങി, ശിശുസൗഹൃദ സമീപനത്തിലൂടെ ചോദ്യങ്ങള്‍ കടന്നുപോയിരിക്കുന്നു. ഒന്നുമുതല്‍ എട്ടു വരെയുള്ള, ഒരുമാര്‍ക്ക് ചോദ്യങ്ങളില്‍ നാലുമാര്‍ക്ക് നേടാന്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെടില്ല. ഒന്നുരണ്ടു ചോദ്യങ്ങള്‍ ആഴത്തിലുള്ള ഗ്രാഹ്യം ആവശ്യപ്പെടുന്നുവെങ്കിലും, ഏതുകുട്ടിക്കും ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ പാര്‍ട്ട് A യില്‍ ഉണ്ട്. ഒന്‍പതുമുതല്‍ 16 വരെയുള്ള രണ്ട് മാര്‍ക്കിന്റെ ചോദ്യങ്ങളും, ചോദ്യപ്പേപ്പറുകളില്‍ സ്ഥിരമായ ഇടംനേടുന്ന സ്വഭാവമുള്ളവയാണ്.

മൂന്നുമാര്‍ക്കിന്റെ ചോദ്യങ്ങളില്‍ സാധാരണകണ്ടുവരുന്ന ചോദ്യങ്ങളോടൊപ്പം ഘടനയില്‍ അല്പം വ്യത്യാസംവരുത്തി അറിവിന്റെ പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കിയ ഉഭയദിശാപ്രവര്‍ത്തന ഗ്രാഫ്, ആദേശരാസപ്രവര്‍ത്തനം പോലെയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതു നന്നായി. 25 മുതല്‍ 32 വരെയുള്ള നാലുമാര്‍ക്കിന്റെ ചോദ്യങ്ങളും കുട്ടികളുടെ ബൗദ്ധികനിലവാരത്തിലുള്ള വ്യത്യസ്തതയ്ക്കു പാകമായാണ് തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യപ്പേപ്പറുകളിലെ സ്ഥിരംസാന്നിധ്യമായ സബ്‌ഷെല്‍ ഇലക്‌ട്രോണ്‍ വിന്യാസം, അയിരുകളുടെ സാന്ദ്രണമാര്‍ഗങ്ങള്‍, വാതകനിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഏതുകുട്ടിയേയും ചേര്‍ത്തു പിടിച്ചു. അതിനോടൊപ്പംതന്നെ ഐസോമെറിസം, ഗാല്‍വനിക് സെല്‍, ഉഭയദിശാപ്രവര്‍ത്തനങ്ങള്‍, ഓര്‍ഗാനിക് രാസപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ നിലവാരത്തില്‍ വ്യത്യസ്തത സൂക്ഷിച്ചു. പൊതുവേ, ഈ ഒരു അക്കാദമികവര്‍ഷത്തിന്റെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, കുട്ടികളെ നിരാശപ്പെടുത്താതെ, രസംകളയാത്ത രസതന്ത്രംതന്നെയാണ് ഈ ചോദ്യപ്പേപ്പര്‍. മോഡല്‍പരീക്ഷ എഴുതി, തയ്യാറായ കുട്ടിയെസംബന്ധിച്ച് ഒരു ആകുലതയും നല്‍കാത്ത ഒരു പരീക്ഷയാണ് ഇത്തവണ രസതന്ത്രം.


(ഇ.എം.എസ്.ജി.എച്ച്.എസ് എസ് പെരുമണ്ണയിലെ അധ്യാപികയാണ് ലേഖിക)

 

Content Highlights: SSLC Chemistry examination 2021