തിരുവനന്തപുരം: പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ലഭിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഡിജിലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ പതിപ്പ് ഒരാഴ്ചയ്ക്കകം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കേരളത്തിനുപുറത്ത് ഉപരിപഠനത്തിനുചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതില്‍ ബുദ്ധിമുട്ടുന്നത്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളുടെ പക്കല്‍ പരീക്ഷാഫലത്തിനൊപ്പം ലഭിച്ച മാര്‍ക്ക് ഷീറ്റ് മാത്രമാണുള്ളത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മാത്രമേ നടന്നിട്ടുള്ളൂ. 14-ന് ആദ്യ അലോട്ട്മെന്റ് നടത്തും. ഒക്ടോബര്‍ പത്തിന് അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പിക്കുന്നതിനുമുന്നോടിയായി സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
സര്‍ട്ടിഫിക്കറ്റിന്റെ അച്ചടി മുഴുവന്‍ പൂര്‍ത്തിയായെന്നും പരിശോധന, സീല്‍ പതിക്കല്‍ തുടങ്ങിയ ജോലികള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് പരീക്ഷാഭവന്‍ അധികൃതര്‍ പറയുന്നത്. കോവിഡ് സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഓഫീസിലെത്താന്‍ കഴിയാത്തതിനാലാണ് സര്‍ട്ടിഫിക്കറ്റിന്റെ ജോലി യഥാസമയം പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.
ഡിജിറ്റല്‍ പതിപ്പ്
യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ പതിപ്പ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് ഡിജിലോക്കറിലേക്ക് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ഡിജിലോക്കറില്‍നിന്നെടുക്കുന്ന സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശവുമുണ്ട്.
Content Highlights: SSLC Certificates to be made available in digilocker within a week