പാലക്കാട്: കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ യഥാസമയം അയയ്ക്കാനാവാതെ സ്‌കൂളധികൃതര്‍ വിഷമത്തിലായി. ചൊവ്വാഴ്ചത്തെ ഉത്തരക്കടലാസുകള്‍ ബുധനാഴ്ചയേ അയയ്ക്കാനാവൂ.

തപാലോഫീസുകളില്‍ ചൊവ്വാഴ്ച മുതല്‍ പരീക്ഷാ ഉത്തരക്കടലാസുകളുടെ പാഴ്‌സല്‍സേവനം രാവിലെ 11 വരെയാക്കിയതോടെയാണിത്. ഇതോടെ ക്യാമ്പുകളില്‍ ഉത്തരക്കടലാസ് കിട്ടുന്നതും ഒരുദിവസം വൈകും.

സ്‌കൂളുകളില്‍ ലോക്കറുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങളുണ്ടെങ്കിലും പത്താംതരം ഉത്തരക്കടലാസുകള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടവയായതിനാല്‍ സ്‌കൂളധികൃതര്‍ ആശങ്കയിലാണ്.

തപാലോഫീസുകളുടെ പ്രവര്‍ത്തനസമയം ചൊവ്വാഴ്ച മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാക്കി ചുരുക്കി സര്‍ക്കാര്‍ നിര്‍ദേശം വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാഴ്‌സല്‍ സ്വീകരിക്കുന്ന സമയം പരീക്ഷാ ഉത്തരക്കടലാസുകള്‍ക്കു മാത്രം 11 മണിയാക്കിയത്. 

മറ്റു പാഴ്‌സലുകള്‍ നിലവില്‍ ഒരുമണിവരെ എല്ലാ തപാലോഫീസുകളിലും സ്വീകരിക്കുമെങ്കിലും അടുത്ത ദിവസം മാത്രമേ അയയ്ക്കൂവെന്ന നിബന്ധനയോടെയാണ് സ്വകരിക്കുന്നത്. എന്നാല്‍, എസ്.എസ്.എല്‍.സി. പരീക്ഷാപ്പേപ്പറുകളടങ്ങുന്ന പാഴ്‌സലുകള്‍ ഇത്തരത്തില്‍ സ്വീകരിച്ച് സൂക്ഷിക്കരുതെന്ന് നിര്‍ദേശമുള്ളതായി തപാല്‍വകുപ്പ് അധികൃതര്‍ പറയുന്നു. 

എസ്.എസ്.എല്‍.സി. പരീക്ഷ വ്യാഴാഴ്ചവരെയുണ്ട്. മുമ്പ് വൈകീട്ട് അഞ്ചുമണിവരെ പ്രവര്‍ത്തിച്ചിരുന്ന തപാലോഫീസുകളില്‍ പാഴ്‌സലുകള്‍ സ്വീകരിക്കുന്ന കൗണ്ടറുകള്‍ വൈകീട്ട് മൂന്നുമണിവരെ പ്രവര്‍ത്തിച്ചിരുന്നു.

Content Highlights: SSLC Answer sheets to be kept in schools, covid-19, post office