കൊല്ലം: ഈ അധ്യയനവർഷം കോഴ്സുകൾ തുടങ്ങാനുള്ള ഒരുക്കങ്ങളുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. 20 ബിരുദ കോഴ്സുകളും ഒമ്പത് പി.ജി. കോഴ്സുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ജൂൺ, ജൂലായ് മാസങ്ങളിലാണ് യു.ജി.സിയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ സാധാരണ തുടങ്ങുന്നത്. മാർഗനിർദേശങ്ങൾ ലഭ്യമായാൽ അതനുസരിച്ച് വിശദാംശങ്ങൾ പുറത്തുവിടാനാണ് സർവകലാശാലയുടെ നീക്കം.

കോഴ്സുകൾക്കാവശ്യമായ ഭൂരിഭാഗം പഠനക്കുറിപ്പുകളും കോഴിക്കോട് ഫാറൂഖ് കോളേജിലെയും കൊല്ലത്തെ ഫാത്തിമ കോളേജിലെയും കേന്ദ്രങ്ങളിൽ തയ്യാറാക്കിക്കഴിഞ്ഞതായി ഓപ്പൺ സർവകലാശാലാ പ്രോ വൈസ്ചാൻസലർ ഡോ. എസ്.വി. സുധീർ പറഞ്ഞു.

അപേക്ഷിക്കുന്നവർക്ക് രണ്ടുവർഷത്തെ പഠനക്കുറിപ്പുകൾ മുൻകൂറായി നൽകണം. ക്ലാസുകളുടെ നടത്തിപ്പിനും മറ്റു അക്കാദമിക സേവനങ്ങൾക്കുമായി കേന്ദ്രങ്ങൾ ലഭിക്കുന്നതിന് സർവകലാശാല വിജ്ഞാപനമിറക്കിയിരുന്നു.

എല്ലാ സൗകര്യങ്ങളുമുള്ള മുഴുവൻസമയ ക്യാമ്പസായ സ്റ്റഡിസെന്റർ, ഒന്നോ രണ്ടോ പ്രോഗ്രാമുകളിൽ ക്ലാസ് നൽകാൻ കഴിയുന്ന പ്രോഗ്രാം സെന്റർ, മറ്റു അക്കാദമിക സേവനങ്ങൾ നൽകാൻ കഴിവുള്ള വർക്ക്സെന്റർ, ലബോറട്ടറി സൗകര്യങ്ങൾ നൽകാൻ കഴിയുന്ന ലാബ്സെന്റർ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. അഫിലിയേറ്റഡ് കോളേജുകൾക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്കുമേ യു.ജി.സി. നിയമപ്രകാരം കേന്ദ്രങ്ങൾ അനുവദിക്കാനാകൂ. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുകയാണ്.

സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള ഓപ്പൺ സർവകലാശാല വരുന്നതോടെ നിലവിൽ മറ്റു സർവകലാശാലകൾ നടത്തുന്ന വിദൂരപഠനവിഭാഗങ്ങൾക്ക് തുടരാനാകുമോ എന്ന ആശങ്കയുണ്ട്. റഗുലർ-വിദൂര ഭേദമില്ലാത്ത സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനാൽ വിദൂരപഠനം നടത്തുന്ന വിദ്യാർഥികളും സമാന്തര സ്ഥാപനങ്ങൾ നടത്തുന്നവരും ഇവ തുടരണമെന്നുതന്നെയാണ് ആവശ്യപ്പെടുന്നത്.

Content Highlights: Sreenarayana Guru Open University to start classes this academic year