ന്യൂഡല്‍ഹി: ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന് വ്യാഴാഴ്ച പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ തുടക്കമാകും. ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമായ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 

ആറ് നൊബേല്‍ ജേതാക്കളുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ 30,000 ശാസ്ത്രജ്ഞര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സമ്മേളനത്തിന്റെ 106-ാം പതിപ്പാണ് ഇത്തവണത്തേത്. 

2013ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ കരസ്ഥമാക്കിയ തോമസ് തോമസ് സുധോഫ്, രസതന്ത്രത്തില്‍ നൊബേല്‍ നേടിയ അവ്രാം ഹെര്‍ഷ്‌കൊ, 2016ല്‍ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ ഡങ്കല്‍ മൈക്കേല്‍ ഹാല്‍ഡേന്‍ എന്നിവരുള്‍പ്പെടെയാണ് ശാസ്ത്ര കോണ്‍ഗ്രസിനെത്തുന്നത്. 

ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ ഇത്തവണത്തെ ആപ്തവാക്യം 'ഭാവി ഇന്ത്യ - ശാസ്ത്രവും സാങ്കേതിക വിദ്യയും' (Future India - Science and Technology) എന്നാണ്. അഞ്ച് ദിവസം നീളുന്ന പരിപാടിയില്‍ നൂറിലധികം കോണ്‍ഫറന്‍സുകളും മറ്റ് പരിപാടികളും നടക്കും. 

ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, എയിംസ്, യു.ജി.സി, എ.ഐ.സി.ടി.സി എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാല അധികൃതരും ശാസ്ത്ര കോണ്‍ഗ്രസിനെത്തും. 

കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ് വെള്ളിയാഴ്ചയും സ്ത്രീകളുടേത് ശനിയാഴ്ചയും ആരംഭിക്കും. ലവ്‌ലി പ്രൊഫണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ ബസില്‍ മോദി സഞ്ചരിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

Content Highlights: 106th Indian Science Congress, Six Nobel laureates, 30,000 scientists to attend Indian Science Congress starting Thursday