ന്യൂഡല്‍ഹി: കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളിലിടം പിടിക്കുന്നയാളാണ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിരന്തരം പുതിയ വാക്കുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന അദ്ദേഹത്തേപ്പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ജനങ്ങളുടെ ഈ ആഗ്രഹത്തെ മുതലെടുക്കാന്‍ ശ്രമിച്ച ഒരു ഓണ്‍ലൈന്‍ ഇംഗ്ലീഷ് പഠന ആപ്ലിക്കേഷന് താക്കീതുമായി എത്തിയിരിക്കുകയാണ് തരൂരിപ്പോള്‍. തന്റെ പേരും ചിത്രവുമുപയോഗിച്ച് പരസ്യം നല്‍കിയ ഇംഗ്ലീഷ് ലേണിങ് ആപ്ലിക്കേഷന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 

'ഈ ആപ്ലിക്കേഷന്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഇത് എന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ആപ്ലിക്കേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തരത്തിലും ഇതിനെ എന്‍ഡോഴ്‌സ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനടപടി സ്വീകരിക്കും.'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാ'മെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വ്യാജ ആപ്ലിക്കേഷനെതിരെ പ്രതികരിച്ച എം.പിയുടെ നടപടിക്ക് നിരവധിപ്പേരാണ് കൈയ്യടിച്ചത്. തന്റെ പേരുപയോഗിച്ച് പരസ്യം നല്‍കിയ ആപ്ലിക്കേഷനുകള്‍ക്ക് മറുപടിയുമായി ഇതിനുമുന്‍പും തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്. 

Content Highlights: Shashi Tharoor Threatens to Take Legal Action Against Application for using his name and image for commercial purpose