തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി. മേയ് 26 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെ മേയ് അഞ്ചുവരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

ബിരുദാനന്തരബിരുദപരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എൽ.ടി.ടി.സി., ഡി.എൽ.ഇ.ഡി. തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ ജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കുമാത്രം ബിരുദാനന്തരബിരുദത്തിന് അഞ്ചുശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

ബയോടെക്നോളജി ബിരുദാനന്തരബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോടെക്നോളജിയിൽ സെറ്റ് എഴുതാം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in ൽ ലഭിക്കും. പാസാകുന്ന പക്ഷം നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Content Highlights: SET exam application date extended