കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നല്‍കുന്ന ശുപാര്‍ശ വിലയിരുത്തി ഫീസ് നിര്‍ണയിക്കാന്‍ ഫീസ് നിയന്ത്രണസമിതിക്ക് അധികാരം നല്‍കുന്ന വകുപ്പ് ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാരിനും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണിത്. അതേസമയം, പ്രവേശനത്തിന് കോളേജ് മാനേജ്‌മെന്റുമായി കരാറുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ ഹൈക്കോടതി അസാധുവാക്കി.

2017-ലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നിയന്ത്രണനിയമം ഭാഗികമായി അനുവദിക്കുന്നതാണ് ഡിവിഷന്‍ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. നിയമം ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മന്റുകള്‍ സമര്‍പ്പിച്ച 20 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനകാര്യത്തില്‍ കോടതി നിര്‍ദേശിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഏറെ ചോദ്യംചെയ്യപ്പെട്ട വകുപ്പുകള്‍ എടുത്തുപറഞ്ഞാണ് കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.

കോടതി അംഗീകരിച്ച വ്യവസ്ഥകള്‍

* ഫീസ് നിര്‍ണയിക്കാന്‍ ഫീസ് നിയന്ത്രണസമിതിയെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ; അതിനാവശ്യമായ രേഖകള്‍ സമിതിക്ക് നല്‍കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെടാനും അധികാരം -8 (1) (എ) വകുപ്പ്.

* നടത്തിപ്പുചെലവ്, അടിസ്ഥാന സൗകര്യമൊരുക്കല്‍, അധ്യാപക, അനധ്യാപക വേതനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി അമിതലാഭവും വാണിജ്യവത്കരണവും ഒഴിവാക്കി ഫീസ് നിര്‍ണയിക്കാന്‍ സമിതിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ -11-ാം വകുപ്പ്. അമിതലാഭവും തലവരിപ്പണവും ഒഴിവാക്കി സ്ഥാപനത്തിന് ന്യായമായവരുമാനം ലഭിക്കുംവിധം ഫീസ് സമിതിക്ക് നിര്‍ണയിക്കാം. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മോഡേണ്‍ ഡെന്റല്‍ കോളേജ് കേസിലെ വിധി ബാധകമായിരിക്കും.

* പ്രവേശനഫീസില്‍ വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥാപനത്തിന്റെപേരില്‍ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശചെയ്യാന്‍ സമിതിക്ക് അധികാരം -8(4) വകുപ്പ്.

ഇതില്‍, ചട്ടലംഘനം കണ്ടാല്‍ സീറ്റ് അസാധുവാക്കല്‍ -8(4)(ബി), ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിലേക്ക് യുക്തമായ കാലയളവിലേക്ക് പ്രവേശനം നിര്‍ത്തിവെയ്ക്കാനോ സീറ്റിന്റെ എണ്ണം കുറയ്ക്കാനോ ഉത്തരവ് നല്‍കല്‍ -8(4)(ഡി), സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യല്‍ -8(4)(ഇ) എന്നീ മൂന്ന് ഉപവ്യവസ്ഥകള്‍ അസാധുവാക്കാനാവില്ല.

* പ്രവേശനത്തില്‍ സ്ഥാപനത്തിന് അനുവദിക്കപ്പെട്ട സീറ്റ് പൊതുപ്രവേശനപരീക്ഷാ യോഗ്യതയുടെ അടിസ്ഥാനത്തിലാവണം -9(2) വകുപ്പ്.
 
അംഗീകരിക്കാത്തവ

* സര്‍ക്കാരിന് കോളേജ് മാനേജ്‌മെന്റുമായി ഫീസുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കരാറുണ്ടാക്കാമെന്ന വ്യവസ്ഥ അസാധുവാക്കി - 17-ാം വകുപ്പ്.

* ഫീസ് നിയന്ത്രണസമിതിയുടെ ഘടന -3(2) വകുപ്പ്. ഘടന സര്‍ക്കാര്‍ പുനഃപരിശോധിക്കണം.

* താത്കാലിക ഫീസ് നിര്‍ണയിക്കാനും 90 ദിവസത്തിനകം അത് അന്തിമമാക്കാനും സമിതിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ-8(1)(ബി). ഇതിനകം നിര്‍ണയിച്ച ഫീസ് തിരുത്താനാവില്ലെന്നതിനാല്‍ പ്രത്യേക ഉത്തരവിടുന്നില്ല. നടപ്പുവര്‍ഷത്തേത് അന്തിമമാക്കിയിട്ടില്ലെങ്കില്‍ ഇനി വൈകരുത്.

* 2017-ലെ താത്കാലിക ഫീസിന് സാധൂകരണം നല്‍കുന്ന 19-ാം വകുപ്പും റദ്ദാക്കി.

നിയമപ്രകാരമുള്ള പത്തംഗ സമിതിയുടെ ഘടന ഇങ്ങനെ: സുപ്രീം കോടതിയില്‍നിന്നോ ഹൈക്കോടതിയില്‍നിന്നോ വിരമിച്ച ജഡ്ജി (അധ്യക്ഷന്‍), ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടര്‍, പ്രവേശനപരീക്ഷാ കമ്മിഷണര്‍ എന്നിവര്‍ക്കുപുറമേ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധന്‍, പട്ടികജാതി/ പട്ടികവര്‍ഗ/ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാഭ്യാസ വിദഗ്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്.

* സമിതിയില്‍ കോറത്തിന് നാല് അംഗങ്ങളെങ്കിലും വേണമെന്ന വ്യവസ്ഥ-5(3).
 
അപ്പീല്‍ നല്‍കുന്നത് ആലോചിക്കും -മന്ത്രി

മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കാനുള്ള നിയമവ്യവസ്ഥ റദ്ദാക്കിയതിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കും. കഴിഞ്ഞവര്‍ഷംവരെ കരാറിന് തയ്യാറാകുന്ന കോളേജുകളില്‍ കുറഞ്ഞഫീസില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമായിരുന്നു. ഈ ലക്ഷ്യത്തോടെയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നറിയാമായിരുന്നിട്ടും നിയമത്തില്‍ കരാറിനുള്ള വ്യവസ്ഥ ചേര്‍ത്തത്. കോടതിവിധിയില്‍ സര്‍ക്കാരിന് എതിരായിട്ടൊന്നുമില്ല. സര്‍ക്കാര്‍ പറഞ്ഞതുതന്നെയാണ് കോടതിയും വ്യക്തമാക്കിയിട്ടുള്ളത്- മന്ത്രി കെ.കെ. ശൈലജ