തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിനുള്ള അവസാനനിയന്ത്രണവും നഷ്ടമാകുന്നു. സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ പ്രവേശന നിയന്ത്രണ നിയമത്തിലെ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിടാമെന്ന വ്യവസ്ഥ ഇല്ലാതാവുന്നതോടെ കോളേജുകള്‍ പൂര്‍ണസ്വാതന്ത്ര്യത്തിലേക്കാണ് നീങ്ങുന്നത്. മാനേജ്മെന്റുകളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വ്യാഴാഴ്ചത്തെ ഹൈക്കോടതി വിധിയിലൂടെ അവര്‍ നേടിയെടുത്തത്.

പ്രവേശനത്തിന് ഒറ്റപ്പരീക്ഷ (നീറ്റ്) വന്നതോടെ സര്‍ക്കാര്‍ മാനേജ്മെന്റ് സീറ്റ് എന്ന വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന രീതി അവസാനിച്ചിരുന്നു. ഇതേ ത്തുടര്‍ന്നാണ് സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാനായി പ്രത്യേക നിയമം കൊണ്ടുവവന്നത്. ഈ നിയമത്തിലെ പതിനേഴാം വകുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റുമായി കരാര്‍ ഒപ്പിടുന്നതിലൂടെ പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച് സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താനും വിലപേശാനും ആകുമായിരുന്നു. കോടതിവിധിയോടെ ഈ അവസരം ഇല്ലാതായി.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഫീസ് സൗജന്യം അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ കരാറിന്റെ പിന്‍ബലത്തിലാണ് നടപ്പാക്കിയത്. കോടതിവിധിയനുസരിച്ച് മാനേജ്മെന്റുകള്‍ അറിയിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം ഫീസ് നിര്‍ണയസമിതിക്ക് മാത്രമായിരിക്കും. ഈ സമിതിയുടെ തീരുമാനം മാനേജ്മെന്റുകള്‍ക്ക് കോടതിയില്‍ ചോദ്യംചെയ്യാനുമാകും.

ഫീസ് നിയന്ത്രണസമിതിയുടെ ഘടനയും കോടതിവിധിയോടെ സര്‍ക്കാരിന് മാറ്റേണ്ടിവരും. നിലവില്‍ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായി രൂപവത്കരിച്ച സമിതിയില്‍ പത്തംഗങ്ങളാണുള്ളത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായ സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറകടര്‍, പ്രവേശന പരീക്ഷാ കമ്മിഷണര്‍, എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, വിദ്യാഭ്യാസവിദഗ്ധന്‍, എസ്.സി./എസ്.ടി. വിഭാഗത്തില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവര്‍ അംഗങ്ങളുമാണ്. സമിതിയില്‍ അഞ്ച് അംഗങ്ങള്‍ മതിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.