ന്യൂഡൽഹി: സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് രൂപംനൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ, വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉന്നതതലയോഗം ചേരും. ഇരുമന്ത്രാലയങ്ങളിലെയും ഉന്നതോദ്യോഗസ്ഥർക്കു പുറമെ, ദേശീയ ബാലാവകാശസംരക്ഷണ കമ്മിഷൻ, സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കേന്ദ്രീയവിദ്യാലയ സംഘാതൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. 

ഗുരുഗ്രാം റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യസ്കൂളിൽ പെൺകുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാർഗരേഖയും പെരുമാറ്റച്ചട്ടവും തയ്യാറാക്കുന്നതിനാണ് യോഗം ചേരുന്നതെന്ന് മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.

കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ജാഗ്രത പുലർത്തണം. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ ചൈൽഡ്‌ലൈനിന്റെ നമ്പർ 1098-ലോ പോക്സോയുടെ ഇ-ബോക്സിലോ റിപ്പോർട്ട് ചെയ്യണം. www.ncpcr.gov.in/user_complaints.php എന്ന ലിങ്കിൽ പ്രവേശിച്ച് ഇ-ബോക്സിൽ പരാതിനൽകാമെന്നും മന്ത്രി പറഞ്ഞു.