തൃശ്ശൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്വന്തം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുൻവർഷം ഓൺലൈൻ പഠനം വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ച് നടന്നതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ നീക്കം. വിദ്യാഭ്യാസവകുപ്പും അതിനുള്ള നടപടികൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്.

മിക്ക സ്കൂളുകളിലും പി.ടി.എ. യോഗങ്ങളും സ്റ്റാഫ് യോഗങ്ങളും ഓൺലൈനിൽ ചേരുന്ന തിരക്കാണിപ്പോൾ. ക്ലാസുകൾ എങ്ങനെ വേണമെന്ന നിർദേശം വിദ്യാഭ്യാസവകുപ്പ് പ്രാഥമികമായി നൽകിയിട്ടുണ്ട്. ജൂൺ ഒന്നിന് അധ്യയനവർഷം തുടങ്ങും. ആദ്യത്തെ 20 ദിവസം പാഠഭാഗങ്ങളിലേക്ക് കടക്കില്ല.

കുട്ടികളെ പഠനത്തിലേക്ക് നയിക്കാനുള്ള മുന്നൊരുക്ക ക്ലാസുകളാകും ഈ സമയത്ത് ഉണ്ടാവുക. ഡയറ്റുകളാണ് ഇത്തരം ക്ലാസുകളുടെ മൊഡ്യൂളുകൾ തയ്യാറാക്കുക. അതത് ഉപജില്ലാ ഓഫീസുകൾ വഴി സ്കൂളുകളിലെ അധ്യാപകരിലേക്ക് എത്തിക്കും.

ഒരുവർഷമായി പഠനത്തോട് കുട്ടികൾ അകന്നുനിൽക്കുന്ന ശൈലി മാറ്റിയെടുക്കുകയാണ് മുന്നൊരുക്ക ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്. ഇക്കൊല്ലം ക്ലാസ് ചുമതലയുള്ള അധ്യാപകർ കുട്ടികളെ ഫോൺ ചെയ്യണമെന്ന് നിർദേശം വന്നിട്ടുണ്ട്.അതുപ്രകാരമുള്ള ഫോൺവിളികൾ തുടങ്ങിയിട്ടുണ്ട്.

കുട്ടിക്ക് ക്ലാസ് കയറ്റം കിട്ടിയ കാര്യം അധ്യാപകർ അറിയിക്കണം. മാനസികമായി ഓൺലൈൻ ക്ലാസുകളോട് പൊരുത്തപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കണം.

ഓരോ കുട്ടിയെയും സംബന്ധിച്ച വിശദമായ കുറിപ്പ് അധ്യാപകർ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. അത് പ്രധാനാധ്യാപകനെ ഏൽപ്പിക്കണം. സമാഹരിച്ച റിപ്പോർട്ട് മേയ് 30-നകം ഡി.ഇ.ഒ.യ്ക്ക് നൽകണം. കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കാൻ പാകത്തിൽ സ്കൂളിലുണ്ടാവണം.

മുന്നൊരുക്ക ക്ലാസുകൾക്ക് ശേഷം പാഠഭാഗങ്ങൾ പഠിപ്പിക്കണം. കൈറ്റ് തയ്യാറാക്കുന്ന ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ഉണ്ടാവും. സ്വന്തമായി കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കാൻ ഉള്ള മാർഗനിർദേശങ്ങൾ എ.ഇ.ഒ./ ഡി.ഇ.ഒ.തലത്തിൽനിന്ന് നൽകും. വിക്ടേഴ്സ് ക്ലാസുകളും അധ്യാപകർക്ക് സ്വന്തം പാഠഭാഗങ്ങൾ തയ്യാറാക്കാൻ ആശ്രയിക്കാം. ഇക്കൊല്ലം പഠനരീതികൾക്ക് വലിയ മാറ്റം വേണമെന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് അടിസ്ഥാനമായി സ്വീകരിച്ചത്.

സ്വന്തം വിദ്യാർഥികളുമായി അധ്യാപകർ അകന്നുപോവുന്നു എന്ന കുറവ് പരിഹരിക്കണമെന്ന് വ്യാപകമായി അഭിപ്രായങ്ങളും ഉയർന്നിരുന്നു.

Content Highlights: School teachers are being ready to take online classes, Covid-19