കൊല്ലം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ചുമതല പ്രഥമാധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിനുമുന്‍പ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്ക് ആരില്‍ നിന്നെങ്കിലും ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ട ചുമതല സ്‌കൂള്‍തല സമിതികള്‍ക്കാണെന്നുകാട്ടി പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.

ഇതനുസരിച്ച് എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ അവസാന കണക്ക് തിങ്കളാഴ്ച തയ്യാറാക്കി. സ്‌കൂള്‍തല കണക്കുകള്‍ 15ന് ക്രോഡീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ 19-നും ജില്ലാതല ക്രോഡീകരണം 21-നും പൂര്‍ത്തിയാക്കി വിവരം സംസ്ഥാനതലത്തിലേക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പൂര്‍ണ ചുമതല പ്രഥമാധ്യാപകര്‍ക്കും സ്‌കൂള്‍തല സമിതിക്കുമാണ്. ഇതിനകം തന്നെ മിക്ക സ്‌കൂളിലും അധ്യാപകരും പി.ടി.എ.യും സ്വന്തം ചെലവില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഉത്തരവാദിത്വം പൂര്‍ണമായി തങ്ങള്‍ക്കുമേല്‍വച്ച് സര്‍ക്കാര്‍ കൈയൊഴിയുകയാണെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍

* ഡിജിറ്റല്‍ ഉപകരണങ്ങളുടെ യഥാര്‍ഥ ആവശ്യക്കാരെ സ്‌കൂള്‍തല സമിതി കണ്ടെത്തണം * കണ്ടെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ട ചുമതലയും സമിതിക്കുതന്നെ * സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിവുള്ളവര്‍, വായ്പ ആവശ്യമുള്ളവര്‍, സാമൂഹികസഹായം വേണ്ടവര്‍ എന്നിങ്ങനെ കുട്ടികളെ തരംതിരിക്കണം * ഓരോ സ്‌കൂളിലും ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍, ഏത് ഉപകരണങ്ങള്‍, എണ്ണം, ലഭ്യമാക്കാനുള്ള മാര്‍ഗം എന്നതിന്റെ കണക്കുകള്‍ സ്‌കൂള്‍തലത്തിലും പഞ്ചായത്തടിസ്ഥാനത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കണം.

ഉപകരണങ്ങള്‍ നല്‍കുന്നതിനു കണക്കില്ല

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ നല്‍കാന്‍ സന്നദ്ധസംഘടനകളും വ്യക്തികളും പ്രസ്ഥാനങ്ങളും ഉത്സാഹിക്കുമ്പോള്‍ എത്രകുട്ടികള്‍ക്ക് ഇതിനകം ഉപകരണങ്ങള്‍ ലഭ്യമാക്കി എന്നതിന്റെ കണക്കുകളില്ല. സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു മൊബൈല്‍ ഫോണുകളാണ് ഇതിനകം വിതരണംചെയ്തിട്ടുള്ളത്. ഫോണ്‍ ഉള്ള വിവരം മറച്ചുവെച്ച് അപേക്ഷിച്ചിട്ടുള്ളവരും ഏറെയാണ്. അര്‍ഹരായവരെ കണ്ടെത്താന്‍ ശരിയായ പരിശോധനകളും നടക്കുന്നില്ല.

Content Highlights: School should provide digital equipment for students, online class