തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 17-ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസസെക്രട്ടറി എ. ഷാജഹാൻ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.

നിലവിൽ 10, 12 ക്ലാസുകളിലെ അധ്യാപകരിൽ പകുതിപ്പേർവീതം 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതടക്കമുള്ള ചുമതലകൾ നിർവഹിക്കാനാണിത്. അടുത്തമാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂൾതുറക്കുന്നതനുസരിച്ച് പ്രാക്ടിക്കൽ ക്ളാസുകളും റിവിഷൻ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്.

മറ്റുക്ലാസുകൾ ആരംഭിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെങ്കിലും യോഗത്തിൽ ചർച്ചചെയ്തേക്കും. എസ്.സി.ഇ.ആർ.ടി.യുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് നിർദേശം. ജനുവരി ആദ്യം സ്കൂൾ തുറക്കാനാകുമെന്നും പൊതുപരീക്ഷ യഥാസമയം നടത്താനാകുമെന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചിട്ടുള്ളത്. തദ്ദേശതിരഞ്ഞെടുപ്പിനുശേഷമുള്ള കോവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും തീരുമാനം.

സ്കൂൾ ബാഗിന്റെ ഭാരം: കേരളം മാതൃക

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള കേന്ദ്രനയത്തിലെ നിർദേശങ്ങളിൽ പലതും കേരളം നേരത്തേത്തന്നെ നടപ്പാക്കിയിട്ടുള്ളതാണ്. പാഠപുസ്തകങ്ങൾ വിവിധ ഭാഗങ്ങളാക്കി നൽകുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മാതൃകയുമാണ്.

രണ്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് ഗൃഹപാഠം വേണ്ടെന്നതടക്കമുള്ള നിർദേശങ്ങളിൽ തുടർചർച്ചകൾക്കുശേഷം ആവശ്യമായ തീരുമാനമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Content Highlights: School reopening, the decision will be taken on the December 17th meeting, School bag policy