തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പകുതി കുട്ടികൾക്ക് ഒരേസമയം സ്കൂളിലെത്താൻ അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യഭ്യാസ വകുപ്പ് നടത്തിയ അവലോകനയോഗത്തിനു ശേഷമാണ് സ്കൂൾപഠനത്തിനുള്ള നിർദ്ദേശങ്ങൾ പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളിലെ തുടർപ്രവർത്തനങ്ങൾക്കുമായാണ് 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്കൂൾപ്രവർത്തനം ആരംഭിച്ചത്. ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ ഇരുത്താനും അനുമതി നൽകി. നിലവിൽ ഒരു ബഞ്ചിൽ ഒരു കുട്ടി എന്നാതായിരുന്നു നിർദ്ദേശം.

നൂറു കുട്ടികളിൽ താഴെയാണുള്ളതെങ്കിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം സ്കൂളിലെത്താം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസുകളിൽ വിന്യസിക്കണം. രാവിലെ വരുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വൈകീട്ടു വരെ ഇരിക്കുന്ന കാര്യത്തിൽ പ്രഥമാധ്യാപകർക്ക് തീരുമാനമെടുക്കാം. നിലവിൽ രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായി വരുന്ന തരത്തിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഗതാഗത സൗകര്യമില്ലാത്തിടത്ത് വിദ്യാർഥികൾക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നെവന്നു കണ്ടെത്തിയിരുന്നു. പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വിദ്യാർഥികൾ എത്തുന്ന തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്താം.

വീടുകളിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും കുട്ടികൾ ഇരിക്കുന്ന ബഞ്ചിൽ ഇരുന്നുതന്നെ കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വർക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത 10, 12 ക്ലാസുകളിലെ എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Content Highlights: School reopening, half of the children in class 10,12 students can go to school