ആലപ്പുഴ: പത്ത്, പ്ലസ്ടു ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്‌കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണം. രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 

രാവിലെ ഒന്‍പതിനോ അല്ലെങ്കില്‍ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കില്‍ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും. സ്‌കൂളിലെ ആകെയുള്ള കുട്ടികള്‍, ലഭ്യമായ ക്ലാസ് മുറികള്‍, മറ്റുസൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുവേണം സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍. 

കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടുമീറ്റര്‍ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കില്‍ ഇതിനായി മറ്റ് ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.

കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍), രോഗലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്‌കൂളില്‍ ഹാജരാകാന്‍ പാടുള്ളു. സ്‌കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം. 

മുഖാവരണം, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. അധ്യാപകര്‍ നിശ്ചിതയകലം പാലിക്കണം. ശാരീരികാകലം പാലിക്കുന്നത് ഓര്‍മിപ്പിക്കുന്ന പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാബോര്‍ഡുകള്‍ എന്നിവയും സ്‌കൂളില്‍ പതിപ്പിക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യഘട്ടങ്ങളില്‍ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. 

സ്‌കൂള്‍ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എല്ലാ സ്‌കൂളുകളിലും കോവിഡ്‌സെല്‍ രൂപവത്കരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.

മറ്റ് നിര്‍ദേശങ്ങള്‍

* യാത്രയ്ക്കിടെ അസുഖം ബാധിക്കാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

* ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം.

* വിദ്യാര്‍ഥികളുടെ പഠനപ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് കൗണ്‍സലിങ് ആവശ്യമെങ്കില്‍ നല്‍കണം. ഭിന്നശേഷിക്കുട്ടികള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കണം

* രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാന്‍ ഒരു സിക്ക് റൂം തയ്യാറാക്കണം. പ്രാഥമിക സുരക്ഷാകിറ്റും ലഭ്യമാക്കണം.

Content Highlights: School reopening guidelines are out, covid-19, social distancing