ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച അടച്ചിടലിനുശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.

ജൂലായില്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് മാനവശേഷി മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതിനുള്ള മാര്‍ഗരേഖയുടെ കരട് എന്‍.സി.ഇ.ആര്‍.ടി. മാനവശേഷി മന്ത്രാലയത്തിനു കൈമാറി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതിയോടെ ഈയാഴ്ച അവസാനം മാനവശേഷിമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കുമെന്നു കരുതുന്നു.

ഓറഞ്ച്, പച്ച മേഖലകളിലുള്ള സ്‌കൂളുകളായിരിക്കും ആദ്യം തുറക്കുക. തുടക്കത്തില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. മുഖാവരണം ധരിക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ മുതിര്‍ന്ന കുട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്ന അനുമാനത്തിലാണിത്. സ്‌കൂള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതുവരെ ഒന്നുമുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ തുടങ്ങില്ല.

രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കേണ്ടതിനാല്‍ മുഴുവന്‍ കുട്ടികളെയും ഒരേ സമയം ക്ലാസില്‍ ഇരുത്താനാകില്ല. അതിനാല്‍ ഓരോ ക്ലാസിലെയും വിദ്യാര്‍ഥികളെ 15-20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക.

തുടക്കത്തില്‍ സ്‌കൂള്‍ അസംബ്ലി ഉണ്ടാകില്ല. എല്ലാ വിദ്യാര്‍ഥികളും മുഖാവരണം ധരിക്കണം. ഉച്ചഭക്ഷണം നല്‍കില്ല; വീട്ടില്‍നിന്നു കൊണ്ടുവരണം. സ്‌കൂള്‍ വളപ്പില്‍ വിവിധ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ വെച്ചിട്ടുണ്ടാകും. മാതാപിതാക്കളെ സ്‌കൂള്‍ വളപ്പില്‍ പ്രവേശിപ്പിക്കില്ല.

തിരക്കൊഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വരാനും പോകാനും പ്രത്യേക കവാടങ്ങളുണ്ടാകണം. വിദ്യാര്‍ഥികള്‍ വരുന്നതിനും പോകുന്നതിനും മുമ്പായി ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണമെന്നും കരട് മാര്‍ഗരേഖയില്‍ പറയുന്നു.

Content Highlights: School reopening, Centre to open all schools from july, Corona Outbreak, Covid-19, Lockdown