കാട്ടാക്കട: ലോക്ഡൗണ്‍ കാലത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായും ജീവന്‍രക്ഷാ മരുന്നുകളെത്തിച്ചും കൗണ്‍സിലിങ് നടത്തിയും സഹപാഠികള്‍ക്ക് ആശ്രയമൊരുക്കിയും പരുത്തിപ്പള്ളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസിലെ 1994-ലെ പത്താംക്ലാസ് വിദ്യാര്‍ഥി കൂട്ടായ്മയായ 'സ്‌കൂള്‍ ഡേയ്‌സ് 94' മാതൃകയാകുന്നു.

അടച്ചിടല്‍ പ്രഖ്യാപിച്ച അന്നുമുതല്‍ ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ കൂട്ടായ്മ പൂര്‍ത്തിയാക്കിയത്. കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ സമൂഹ അടുക്കളയിലെ ഒരുദിവസത്തെ മുഴുവന്‍ ചെലവും ഏറ്റെടുത്തു.

ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗ്രൂപ്പിലെ സഹപാഠികള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകള്‍ നല്‍കി. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ക്ക് അത് എത്തിച്ചുകൊടുത്തു.

സര്‍ക്കാരിന്റെ മാസ്‌ക് ചലഞ്ച് ഏറ്റെടുത്ത് ഗ്രൂപ്പ് അംഗങ്ങള്‍ വീട്ടില്‍ ആയിരത്തിലേറെ തുണി മാസ്‌കുകള്‍ തയ്യാറാക്കി പഞ്ചായത്തിലും പരിസര വീടുകളിലും സഹപാഠികള്‍ക്കും സൗജന്യമായി നല്‍കി. ഒപ്പം വൃക്കരോഗിയായ സഹപാഠിക്ക് ഒരുദിവസം ഇടവിട്ട് ഡയാലിസിസിനായി കാരക്കോണം മെഡിക്കല്‍ കോളേജില്‍ പോകാന്‍ വാഹനസൗകര്യമൊരുക്കി. കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍(കെ.ടി.ഡി.ഒ.) സഹകരണത്തോടെയായിരുന്നു ഇത്. 

വിദേശത്തുള്ള സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ സഹായകേന്ദ്രവും തുടങ്ങി. കോട്ടൂര്‍ വനത്തിലെ ആദിവാസികള്‍ക്കും സഹായമെത്തിക്കുന്നുണ്ട്. വിനോദത്തിനായി വനിതകള്‍ക്കായി ഓണ്‍ലൈന്‍ പാചകം, ചിത്രരചന, ഡാന്‍സ്, ടിക് ടോക്, മാസ്‌ക് ചലഞ്ച്, പുഞ്ചിരി മത്സരങ്ങളും നടത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായ്മയില്‍ ഉണ്ട്.

Content Highlights: School alumini group doing different activites during lockdown, Corona virus, Covid-19