തൃശ്ശൂര്‍: കൊടുങ്ങല്ലൂരിനടുത്ത് ഒരു വീട്ടിലെ വിശേഷമാണിത്. കഴിഞ്ഞ ദിവസം അംഗങ്ങളെല്ലാം രാവിലെ കുളിച്ചൊരുങ്ങി മുന്നിലെ മുറിയിലെത്തി. നാലാംക്ലാസ് ജയിച്ച ദേവനന്ദയും പുത്തനുടുപ്പുമിട്ട് കൂട്ടത്തിലുണ്ട്. അച്ഛന്‍ സുരേഷ് മൊബൈല്‍ ഫോണെടുത്തു. അമ്മ ദേവിക മകളെയും കൂട്ടി സുരേഷിനടുത്തിരുന്നു.

വാട്സ് ആപ്പില്‍ വന്ന ഒരു ലിങ്കില്‍ സുരേഷിന്റെ വിരലോടി. ഓപ്പണ്‍ ആയപ്പോള്‍ ഒരു ഗൂഗിള്‍ ഫോം. അതിലൂടെ അടുത്തുള്ള ഒരു പൊതുവിദ്യാലയത്തിന്റെ വെബ്സൈറ്റിലെത്തി. ദേവനന്ദയുടെ പേര്, വയസ്സ്, വിലാസം, നാലാം ക്ലാസില്‍ പഠിച്ച സ്‌കൂളിന്റെ പേര് എന്നിവ സുരേഷ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്തു.

അങ്ങനെ ദേവവന്ദ ആ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായി മാറി.

ഒരു വിദ്യാലയ പ്രവേശനത്തിന്റെ കോവിഡ്കാല ചിത്രമാണിത്. അച്ഛന്റെ കൈയും പിടിച്ച് സ്‌കൂളില്‍ ചേരാന്‍ പോയിരുന്ന പഴയ കാലം തിരിച്ചുവരുംവരെ ഇങ്ങനെയൊക്കെ ചേരാനേ കുഞ്ഞു തലമുറയ്ക്ക് സാധിക്കൂ. പക്ഷേ, പ്രതീക്ഷയുണ്ട് ആ നല്ല കാലം തിരിച്ചുവരുമെന്ന്. അതുവരെ ഇങ്ങനെ പോകാം.

സ്‌ക്രീനില്‍ കണ്ണുംനട്ട് അധ്യാപകരും

വിദ്യാലയപ്രവേശം ഓണ്‍ലൈനില്‍ ആക്കിയതോടെ അധ്യാപകരുടെ കണ്ണും മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ സ്‌ക്രീനുകളിലാണ്. പ്രവേശനത്തിനായി ആ നാട്ടില്‍ പ്രചരിപ്പിച്ച ലിങ്ക് വഴി ഏതെങ്കിലും കുട്ടി എത്തുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആ നോട്ടമത്രയും. രക്ഷിതാക്കള്‍ ഗൂഗിള്‍ ഫോമില്‍ കൊടുക്കുന്ന വിവരങ്ങള്‍ കൈയോടെ സ്‌കൂള്‍ രജിസ്റ്ററിലാക്കാനുള്ള വ്യഗ്രതയിലാണവര്‍.

കുട്ടി മുമ്പ് പഠിച്ച സ്‌കൂളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ്(ടി.സി.), വിദ്യാഭ്യാസവകുപ്പിന്റെ പോര്‍ട്ടലായ സമ്പൂര്‍ണയില്‍നിന്ന് എടുക്കലാണ് ആദ്യ നടപടി. ടി.സി.ക്കൊപ്പം കുട്ടിയുടെ ആധാര്‍ നമ്പര്‍, ജനനത്തീയതി, ജനനസര്‍ട്ടിഫിക്കറ്റ് നമ്പര്‍ തുടങ്ങിയവയും പുതിയ സ്‌കൂളിലെത്തുമെന്നതാണ് സമ്പൂര്‍ണയുടെ മെച്ചം. അങ്ങനെ കുട്ടി പുതിയ സ്‌കൂളിലെ അംഗമായി മാറും. ഇനി ലോക്ഡൗണില്‍ നല്ല ഇളവു വരുന്ന സമയത്ത് രക്ഷിതാവ് സ്‌കൂളില്‍ ഒന്നു വന്നാല്‍ മതിയാവും. അന്ന് ജനനസര്‍ട്ടിഫിക്കറ്റിന്റെയും ആധാറിന്റെയും ഒക്കെ പകര്‍പ്പ് നല്‍കിയാല്‍ മതി.

കുട്ടിയെ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ സ്‌കൂളുകാര്‍ വ്യഗ്രത കാണിക്കുന്നതിന് മറ്റൊരു കാരണവും ഉണ്ട്. ഈ കുട്ടിയുടെ രക്ഷിതാവിന് എന്തെങ്കിലും കാരണവശാല്‍ മനംമാറ്റം ഉണ്ടായി മറ്റേതെങ്കിലും സ്‌കൂളിലേക്ക് പോയാല്‍ അത് അവര്‍ക്ക് സഹിക്കാനാവില്ല. ഓരോ കുട്ടിക്കും അത്ര വിലയാണ് തസ്തിക സംരക്ഷണത്തിന്റെ ഇക്കാലത്ത്.

കുട്ടിയെ കിട്ടിയാല്‍ ഉടന്‍ ക്ലാസുകളുടെ ചുമതലക്കാര്‍ക്ക് രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ കൈമാറും. അവര്‍ അതത് ക്ലാസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കും. ഇനി ഈ വാട്സ് ആപ്പ് ഗ്രൂപ്പായിരിക്കും തത്കാലം കുട്ടിയുടെ ക്ലാസ്മുറി.

എല്ലാവര്‍ക്കും പറ്റുമോ ഇങ്ങനെ

ഓണ്‍ലൈനില്‍ കുട്ടിക്ക് പ്രവേശനം എടുക്കാന്‍ എല്ലാവരെയും കൊണ്ട് സാധിച്ചെന്നു വരില്ല. എന്നാല്‍, ഇക്കാര്യത്തില്‍ സഹായിക്കാന്‍ അധ്യാപകര്‍ തന്നെ രംഗത്തുണ്ട്. സ്‌കൂളിന്റെ പരിസരത്ത് കുട്ടികള്‍ ഉള്ള വീടുകള്‍, ജനപ്രതിനിധിയെക്കാള്‍ പരിചയം അധ്യാപകര്‍ക്കായതിനാല്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് രക്ഷിതാക്കള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല.

ജില്ലയില്‍ പ്രതീക്ഷിക്കുന്നത് 25,000 ഒന്നാം ക്ലാസുകാരെ

25,000 കുട്ടികളെങ്കിലും ഇക്കൊല്ലം ജില്ലയില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടുമെന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

26-നാണ് സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങിയത്. വിവിധ വിദ്യാഭ്യാസ ഉപജില്ലകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ കണക്ക് ക്രോഡീകരിച്ചു തുടങ്ങിയിട്ടില്ല.എങ്കിലും എല്ലാ ഉപജില്ലകളിലും മുന്‍വര്‍ഷത്തെക്കാള്‍ കുട്ടികള്‍ ചേരുന്നുണ്ടെന്നാണ് വിവരം. 30-ന് കണക്കുകള്‍ ക്രോഡീകരിക്കാന്‍ നിര്‍ദേശമുണ്ട്.

ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന് ഉള്ള ഒരുക്കങ്ങളും സ്‌കൂളുകളില്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ക്ലാസിന്റെയും ചുമതലക്കാരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ പ്രവേശനോത്സവം നടത്താനാണ് ഇക്കുറി ഉദ്ദേശിക്കുന്നത്.

Content Highlights: School Admissions 2021