കൊച്ചി : അനുവദിച്ച് ആറു മാസം  കഴിഞ്ഞിട്ടും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെറിറ്റ് കം മീന്‍സ് (എം.സി.എ.) സ്‌കോളര്‍ഷിപ്പ് തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ല. പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രശ്‌നം നേരിടുന്നത്.

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (എന്‍.എസ്.പി.) സ്റ്റാറ്റസ് പരിശോധിച്ചപ്പോള്‍ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടുവെന്നാണ് കാണിക്കുന്നത്. ഇതിനുള്ള കാരണം പറയുന്നത് അക്കൗണ്ട് ബ്ലോക്ക് ആകുകയോ അല്ലായെങ്കില്‍ അക്കൗണ്ട് മരവിച്ചിരിക്കുകയോ ആണെന്നാണ്. എന്നാല്‍, ഇത്തരം പ്രശ്‌നമൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. മറ്റ് അക്കൗണ്ടുകളില്‍നിന്ന് പണം അയയ്ക്കാന്‍ സാധിക്കുന്നുമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പായതിനാല്‍ തന്നെ എന്‍.എസ്.പി.യുടെ ഹെല്‍പ്പ് ഡെസ്‌കില്‍ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇവര്‍ ഫണ്ട് അയച്ചിട്ടുണ്ടെന്നും കേരളത്തിലെ നോഡല്‍ ഓഫീസില്‍ ബന്ധപ്പെടാനുമാണ് മറുപടി. ഇതുപ്രകാരം ഡയറക്ടറേറ്റ് ടെക്‌നിക്കല്‍ എഡ്യുക്കേഷനിലെ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഇമെയില്‍ മുഖേന പരാതി നല്‍കി.

ഇത്തരത്തില്‍ ഒരുപാട് പരാതി എത്തുന്നുണ്ടെന്നും സീറോ ബാലന്‍സ് അക്കൗണ്ടായതുകൊണ്ടാണ് പണം അക്കൗണ്ടിലേക്ക് വരാത്തതെന്നുമാണ് ഡയറക്ടറേറ്റ് ടെക്‌നിക്കല്‍ എഡ്യുക്കേഷനില്‍നിന്ന് ലഭിക്കുന്ന മറുപടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക അക്കൗണ്ടില്‍ ലഭിച്ചിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നം ഈ വര്‍ഷം എങ്ങനെയുണ്ടായി എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.

മറ്റൊരു അക്കൗണ്ട് തുടങ്ങി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ സ്‌കോളര്‍ഷിപ്പ് കിട്ടുമെന്ന വിവരത്തെ തുടര്‍ന്ന് അതും ചെയ്ത് നോക്കി. എന്നാലതും ഫലവത്തായില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇമെയില്‍ മുഖേനയും ഫോണ്‍ മുഖേനയും പരാതി നല്‍കി മടുത്തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Content Highlights: Scholarships for minority students were not taken into account