കാലടി: ബി.എ. തോറ്റിട്ടും എം.എ.യ്ക്ക് പ്രവേശനം നേടിയ എട്ട് വിദ്യാര്‍ഥികളെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പുറത്താക്കി. ബി.എ. തോറ്റവര്‍ക്ക് എം.എ.യ്ക്ക് പ്രവേശനം നല്‍കിയെന്ന ആരോപണം വിവാദമായിരുന്നു. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍, വിഷയം ചൂടുപിടിച്ചതോടെ വൈസ് ചാന്‍സലര്‍ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിലാണ് എട്ട് വിദ്യാര്‍ഥികളുടെ പ്രവേശനം തെറ്റായ രീതിയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി.

ബിരുദ പരീക്ഷകളുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് എം.എ.യ്ക്ക് താത്കാലികമായി പ്രവേശനം നല്‍കാനും പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബിരുദപരീക്ഷ ജയിച്ചതായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നുമുള്ള വ്യവസ്ഥയിലാണ് പ്രവേശനം നല്‍കിയത്. എന്നാല്‍, സെപ്റ്റംബറില്‍ ആരംഭിച്ച എം.എ. ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല അനുവദിച്ചതാണ് വിവാദമായത്. കോവിഡ് സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനാലാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് ഡിസംബര്‍ 31വരെ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. പി.ജി. പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യം ഉള്ളതിനാല്‍ ഒന്നു മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ പാസാകുകയും ആറാം സെമസ്റ്റര്‍ ഫലം കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുവന്നാല്‍ കരാര്‍ അധ്യാപക തസ്തികകള്‍ കുറയുകയും കരാര്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും. അത് ഒഴിവാക്കാനാണ് ബി.എ. പാസാകാത്തവര്‍ക്ക് എം.എ.യ്ക്ക് പ്രവേശനം നല്‍കിയതെന്നായിരുന്നു ആക്ഷേപം. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട താത്കാലിക അധ്യാപകരെ സംരക്ഷിക്കാനും എസ്.എഫ്.ഐ. സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വഴിവിട്ട നടപടികള്‍ സര്‍വകലാശാലാ അധികാരികള്‍ സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു മറ്റൊരു ആരോപണം.

Content Highlights: Sanskrit University Admission Controversy