ന്യൂഡൽഹി: സൈനിക് സ്കൂൾ പ്രവേശന പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). aissee.nta.nic.in, nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയുപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി ഏഴിനാണ് പരീക്ഷ.

രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസ്സുകളിലെ 2021-22 അധ്യായന വർഷത്തെ പ്രവേശനത്തിനായുള്ള പരീക്ഷയാണിത്. രാജ്യത്തെ 176 നഗരങ്ങളിൽ 380 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ആകെ 1,33,515 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. ആറാം ക്ലാസ്സുകാർക്ക് 150 മിനിറ്റും ഒൻപതാം ക്ലാസ്സുകാർക്ക് 180 മിനിറ്റുമാകും പരീക്ഷയുടെ ദൈർഘ്യം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 0120-6895200 എന്ന നമ്പറിലോ aissee@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Sanik school entrance admit card published, NTA