ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍ എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44 കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 

പുതുതായി വരുന്ന 44 കേന്ദ്രീയ വിദ്യാലയങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. ഒരെണ്ണം കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തും ഒന്ന് പത്തനംതിട്ടയിലെ കോന്നിയിലുമായിരിക്കും. പദ്ധതി പ്രകാരം കെട്ടിടനിര്‍മാണത്തിനായി ഓരോ കേന്ദ്രീയ വിദ്യാലയത്തിനും 11 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. 

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്ററിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെച്ച 85,000 കോടി രൂപയ്ക്ക് പുറമെയാണ് ഹയര്‍ എജുക്കേഷന്‍ ഫണ്ടിങ് ഏജന്‍സിയുടെ പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Rs. 5310 crore approved by HEFA for 10 higher education institutions and 44 new KVs, MHRD