തൃശ്ശൂര്‍: റോമന്‍ കത്തോലിക്ക വിഭാഗത്തിന്റെ (ആര്‍.സി.) പേര് ഔദ്യോഗികനാമമായ സിറിയന്‍ കത്തോലിക്ക അല്ലെങ്കില്‍ സിറോ മലബാര്‍സഭ എന്നു മാറ്റിയതറിയാതെ വെട്ടിലായി വിദ്യാര്‍ത്ഥികള്‍. പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനായി കമ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളാണ് പ്രശ്‌നത്തിലാകുന്നത്.

റോമന്‍ കത്തോലിക്ക എന്നറിയപ്പെട്ടിരുന്നവര്‍ സിറിയന്‍ കാത്തലിക്/സിറോ മലബാര്‍സഭ എന്നാണ് ഇനിമുതല്‍ രേഖകളില്‍ കാണിക്കേണ്ടതെന്ന് സംവരണേതരവിഭാഗങ്ങള്‍ സംബന്ധിച്ച ജൂണിലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആര്‍.സി. എന്നാല്‍ ഇനി മുതല്‍ ലത്തീന്‍ കത്തോലിക്കയായി കണക്കാക്കുമെന്നും ആര്‍.സി.എസ്.സി. എന്നൊരു വിഭാഗമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ പേരുമാറ്റത്തെക്കുറിച്ചറിയാതെ സിറിയന്‍ കാത്തലിക് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ വ്യാപകമായി ആര്‍.സി. എന്നു രേഖപ്പെടുത്തുന്നതായി വിവിധ കോളേജുകളുടെ അധികൃതര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളില്‍ നേരത്തെ റോമന്‍ കത്തോലിക്ക എന്നു രേഖപ്പെടുത്തിയിട്ടുള്ളത് അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷകളിലും ആര്‍.സി. എന്നെഴുതുന്നത്.

സ്വയംഭരണ കോളേജുകളിലേക്കുള്ള കമ്യൂണിറ്റി മെറിറ്റ് അഡ്മിഷന് ശ്രമിക്കുന്ന കുട്ടികള്‍ക്കാണ് ഇത് പ്രശ്‌നമാകുക. ആര്‍.സി. എന്ന് രേഖപ്പെടുത്തുന്നവരെ ലത്തീന്‍ കത്തോലിക്ക വിഭാഗമായി കണക്കാക്കുന്നതിനാല്‍ സിറിയന്‍ കത്തോലിക്ക കോളേജുകളിലേക്കുള്ള കമ്യൂണിറ്റി പ്രവേശനപ്പട്ടികയില്‍ ഇവരുടെ പേരില്ലാത്ത സാഹചര്യമുണ്ടാകും. ഓഗസ്റ്റ് 16 ആയിരുന്നു ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാനതീയതി.

സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും

"കമ്യൂണിറ്റി ക്വാട്ട സംബന്ധിച്ച് തെറ്റുകള്‍ വ്യാപകമായിട്ടുണ്ടെങ്കില്‍ കുട്ടികള്‍ക്ക് തിരുത്താന്‍ അവസരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍വകലാശാല 18ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യപ്പെടും."

യൂജിന്‍ മോറേലി, (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം)

Content Highlights: Roman Catholic community name changed to syrian catholic, students unaware