കോഴിക്കോട്: അധ്യാപകനിയമനത്തിനുള്ള യോഗ്യതാപരീക്ഷാകടമ്പ മറികടക്കാന്‍ ക്ലാസിലിരിക്കാതെ എം.എഡ്. ബിരുദം നേടാനുള്ള വഴികളുമായി അയല്‍സംസ്ഥാനങ്ങളിലെ കോളേജുകള്‍. ജോലി ചെയ്തുകൊണ്ടുതന്നെ കോഴ്സുകള്‍ ചെയ്യാമെന്ന ഓഫറിന്റെ മറവിലാണിത്. റഗുലറായി ചെയ്യേണ്ട കോഴ്സുകള്‍ 'ഇറെഗുലര്‍ മോഡി'ല്‍ ചെയ്യാമെന്നതാണ് സൗകര്യം.
ഇങ്ങനെ എം.എഡ്. എടുക്കുന്നവര്‍ക്ക് സെറ്റ്, കെ-ടെറ്റ് തുടങ്ങിയ നിബന്ധനകളില്ലാതെ അധ്യാപകരാവാന്‍ കഴിയുന്നു. ബി.എഡ്, എം.ഫില്‍ മുതലായ സര്‍ട്ടിഫിക്കറ്റുകളും കിട്ടും. ഇത്തരം കോളേജുകളിലേക്ക് വിദ്യാര്‍ഥികളെയെത്തിക്കാനുള്ള ഏജന്‍സികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും കോളേജുകളില്‍നിന്നാണ് ലക്ഷങ്ങള്‍ കൊടുത്ത് ചുളുവില്‍ സര്‍ട്ടിഫിക്കറ്റ് നേടി കേരളത്തില്‍ അധ്യാപകരാവുന്നത്. ബെംഗളുരൂ, കോയമ്പത്തൂര്‍, മധുര, സേലം, ചെന്നൈ എന്നിവിടങ്ങളിലെ ചില അധ്യാപകപരിശീലനസ്ഥാപനങ്ങളിലാണ് ക്ലാസിലിരിക്കാതെ ബിരുദം നേടാന്‍ അവസരമുള്ളത്.
തമിഴ്‌നാട് ടീച്ചര്‍ എജ്യുക്കേഷന്‍ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍ നോര്‍ത്ത് യൂണിവേഴ്സിറ്റി തുടങ്ങിയവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്കാണ് വിദ്യാര്‍ഥികളെ ഏജന്‍സികള്‍ അയക്കുന്നത്. പരീക്ഷയും സര്‍ട്ടിഫിക്കറ്റും യൂണിവേഴ്സിറ്റികളുടേതുതന്നെ. ക്ലാസില്‍ പോകേണ്ടെന്നതും പരിശീലനത്തിന്റെ ഭാഗമായുള്ള പ്രായോഗികപഠനം നടത്തേണ്ടെന്നതും പ്രോജക്ടുകളും മറ്റും നടത്തേണ്ടെന്നതുമാണ് കോളേജുകള്‍ നല്‍കുന്ന ഓഫര്‍.
റെഗുലര്‍ സെമസ്റ്റര്‍ രീതിയിലാണ് കോഴ്സ് നടക്കുന്നതെങ്കിലും ഹാജര്‍ ഒരു പ്രശ്നമല്ല. രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ചു പ്രാവശ്യം മാത്രമേ കോളേജിലെത്തേണ്ടതുള്ളൂ. കോഴ്സിന്റെ ഭാഗമായ ഇന്റേണ്‍ഷിപ്, ഡസര്‍റ്റേഷന്‍ എന്നിവയും പണം മുടക്കിയാല്‍ കോളേജ് അധികൃതര്‍ ഏര്‍പ്പാടാക്കും.
പരീക്ഷ നടത്തുന്നത് കോളേജുകളില്‍ തന്നെയതിനാല്‍ ആരും വിജയിക്കാതിരിക്കില്ല. ഉയര്‍ന്ന മാര്‍ക്കും ഉറപ്പാണ്. കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലാണ് സര്‍വകലാശാലകളുടെ കണ്ണുവെട്ടിച്ചുള്ള ഈ തട്ടിപ്പ്.
Content Highlights: Regular courses are being conducted in irregular mode to escape from teachers eligibility test