ന്യൂഡൽഹി: 2020-21 അധ്യായന വർഷത്തിലെടുത്ത ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). ലോക്ക്ഡൗണും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും വിദ്യാർഥികളുടെ രക്ഷിതാക്കളെ ബാധിച്ചിരിക്കാമെന്നും അതിനാൽ ഫീസ് തിരികെ നൽകണമെന്നും യു.ജി.സി പ്രസ്താവനയിൽ അറിയിച്ചു.

നവംബർ 30-ന് മുൻപ് സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം റദ്ദാക്കുന്ന പക്ഷം അവർക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്നാണ് സർവകലാശാലകളോട് യു.ജി.സി അറിയിച്ചിരിക്കുന്നത്. പ്രവേശനം റദ്ദാക്കുന്നത് ഡിസംബർ 31-നുള്ളിലാണെങ്കിൽ പ്രോസസിങ് ഫീസ് ഇനത്തിൽ 1,000 രൂപയോ അതിൽ താഴെയോ ഈടാക്കാമെന്നും പ്രസ്താവനയിലുണ്ട്.

അഡ്മിഷൻ റദ്ദാക്കിയാലും മുഴുവൻ ഫീസും അടയ്ക്കണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം യു.ജി.സി മുന്നോട്ട് വെച്ചത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും കോളേജുകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യു.ജി.സി വ്യക്തമാക്കി.

Content Highlights: Refund full fee on cancellation of admissions, UGC to universities