കണ്ണൂര്‍: നിയമനവിവാദം കത്തിനില്‍ക്കേ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് മൂന്ന് അധ്യാപക തസ്തികയുണ്ടാക്കി പി.എസ്.സി. വഴി നിയമനം നടത്തിയതായി ആക്ഷേപം.
വിദ്യാഭ്യാസവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് സൂപ്പര്‍ചെക്ക് സെല്‍ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത അധിക തസ്തികയിലേക്കുള്ള ഒഴിവില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനവും നല്‍കി.
കണ്ണൂര്‍ ജില്ലയിലേതാണ് മൂന്ന് സ്‌കൂളുകളും. വേങ്ങാട് ഹയര്‍സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍വിഭാഗത്തിലും മണത്തണ, കോട്ടയം മലബാര്‍ ഹയര്‍സെക്കന്‍ഡറികളില്‍ യു.പി. വിഭാഗത്തിലുമാണ് ഒന്നുവീതം അധിക തസ്തിക ഉണ്ടാക്കിയത്.
വിദ്യാഭ്യാസ ഓഡിറ്റ് വിഭാഗം 2019-20 വര്‍ഷത്തെ പരിശോധനയിലാണ് മൂന്ന് വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണത്തില്‍ പെരുത്തക്കേട് കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൂപ്പര്‍ചെക്ക് സെല്ലിന് കൈമാറി. സൂപ്പര്‍ചെക്ക് സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ഐ. മൂന്ന് വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരില്‍ നിന്നും സ്റ്റാഫ് കൗണ്‍സിലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവരുടെ വിശദീകരണത്തിനുശേഷം നേരിട്ട് ഹിയറിങ് നടത്തി വകുപ്പുതല നടപടിക്കും നീക്കം തുടങ്ങി.
Content Highlights: Recruitment of teachers in Kannur district by exaggerating the number of students