20 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വര്‍ധന 

കാളികാവ്: പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വര്‍ധനയാണ് ഇക്കുറി. മുന്‍വര്‍ഷത്തേക്കാള്‍ 28,492 കുട്ടികള്‍ പൊതുവിദ്യാലയത്തില്‍ ചേര്‍ന്നു.

കഴിഞ്ഞവര്‍ഷം ഒന്നാംക്ലാസില്‍ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414 കുട്ടികളായി. 1990-ല്‍ ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് കുട്ടികള്‍ കുറഞ്ഞശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയ 2017-18 അധ്യയനവര്‍ഷം 12,798 വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസില്‍ അധികമായെത്തി. എന്നാല്‍, 2019-20 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 3422 കുട്ടികള്‍ കുറഞ്ഞു. 2020-21 വര്‍ഷം 8459 കുട്ടികള്‍ അധികമെത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു ജനങ്ങളില്‍നിന്നു ലഭിച്ച പിന്തുണയാണ് കുട്ടികളുടെ വര്‍ധനയ്ക്കു കാരണമായി അധികൃതര്‍ പറയുന്നത്.2017-18 മുതല്‍ 2020-21 വരെ പൊതുവിദ്യാലയങ്ങളില്‍ 6.80 ലക്ഷം വിദ്യാര്‍ഥികള്‍ അധികമായെത്തി.

content highlights: Record increase in the number of students entry to Public schools