തേഞ്ഞിപ്പലം: അറബിക് കോളേജുകളിൽ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 2014-ലെ സെനറ്റിന്റെ നിയമഭേദഗതി തീരുമാനം അംഗീകാരത്തിനായി അതേപടി ചാൻസലർക്ക് അയയ്ക്കാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. മുമ്പ് അയച്ചപ്പോൾ മുൻകാല പ്രാബല്യം നൽകണമെന്ന ഭാഗം വിട്ടുപോയിരുന്നു. ക്ലറിക്കൽ പിഴവായാണ് ഇതു കണക്കാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അംഗീകാര അപേക്ഷ ജനുവരിയിൽ ഗവർണറുടെ ഓഫീസിൽനിന്നു തിരിച്ചയച്ചിരുന്നു.

നിയമഭേഗതി അംഗീകാരം തിരിച്ചയച്ചത് തള്ളിയതാണെന്ന വ്യാഖ്യാനത്തോടെ സർവകലാശാലാ സെക്ഷൻ സിൻഡിക്കേറ്റിനെ അറിയിക്കാൻ ഫയൽ കുറിപ്പ് തയ്യാറാക്കിയത് യോഗത്തിനു മുൻപുതന്നെ പുറത്തായിരുന്നു. കോളേജുകൾ പൂട്ടാൻ നീക്കമെന്ന തരത്തിൽ വാർത്തകളും വന്നു.

അംഗീകാരമില്ലെങ്കിൽ കോളേജുകൾ പൂട്ടേണ്ടിവരുമെന്ന തരത്തിലായിരുന്നു നോട്ടിൽ രേഖപ്പെടുത്തിയത്. ഇതു തെറ്റായ വ്യാഖ്യാനമാണെന്നും അനവസരത്തിലുള്ളതും സാമുദായിക ധ്രുവീകരണത്തിനിടയാക്കുന്നതുമാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. നോട്ട് പൂർണമായി തള്ളാനും ചാൻസലറുടെ കത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും അപേക്ഷ നൽകാനുമാണ് തീരുമാനിച്ചതെന്ന് സിൻഡിക്കേറ്റിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്ത പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Content Highlights: Recognition of Arabic Colleges: new law will be sent back to the Governor