കോട്ടയം: 'മാനസികാരോഗ്യം' എന്ന വിഷയം സ്കൂൾ പാഠ്യപദ്ധതിയിൽ ഇടം പിടിക്കുന്നു. മാതൃഭൂമി 'സീഡ്' അംഗത്തിന്റെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണിപ്പോൾ ഈ വിഷയം പാഠ്യപദ്ധതിയിലേക്കെത്താൻ നിമിത്തമായത്.

കഴിഞ്ഞ സെപ്റ്റംബർ 28-ന് 'കുട്ടികൾക്കിടയിൽ കൂടുന്ന ആത്മഹത്യ പ്രവണത' എന്ന വിഷയത്തിൽ സീഡ് നടത്തിയ വെബിനാറിലായിരുന്നു വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെ അന്ന മാത്യുവിന്റെ ചോദ്യം. ചോദ്യമിതായിരുന്നു; 'മനസികാരോഗ്യം വർധിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതില്ലേ?' സാമൂഹിക നീതിവകുപ്പ് ജെൻഡർ അഡൈ്വസർ ടി.കെ.ആനന്ദിയോടായിരുന്നു ചോദ്യം. ചോദ്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട ആനന്ദി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.)ക്ക് നിർദേശം കൈമാറി.

ഇപ്പോൾ ഡോ. ടി.കെ.ആനന്ദിക്ക് ലഭിച്ച എസ്.സി.ഇ.ആർ.ടി.യുടെ മറുപടിക്കത്തിലാണ് അടുത്ത പാഠപുസ്തക പരിഷ്കരണവേളയിൽ ഈ നിർദേശം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡയറക്ടർ അറിയിച്ചിട്ടുള്ളത്.

വിദ്യാർഥികളെ കേൾക്കാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും തയ്യാറാകണമെന്ന് സീഡിന്റെ പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ ചോദ്യം നമ്മെ ഓർമപ്പെടുത്തുന്നുവെന്ന് സാമൂഹിക നീതി വകുപ്പ് ജെൻഡർ അഡൈ്വസർ ടി.കെ.ആനന്ദി പറഞ്ഞു. മുകളിലിരുന്ന് കാര്യങ്ങൾ തീരുമാനിച്ച് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നതിനു പകരം അവർക്ക് വേണ്ടത് എന്താണെന്നറിയാനുള്ള ശ്രമം വേണം- അവർ പറഞ്ഞു.

Content Highlights: Question from mathrubhumi seed webinar resulted in the inclusion of Mental health in school curriculum