കോട്ടയ്ക്കല്‍: മൂവായിരത്തിലേറെ കുട്ടികളുണ്ട് ഈ സ്‌കൂളില്‍. ഇവരെയും രക്ഷിതാക്കളെയുമെല്ലാം ഒരുമിച്ചിരുത്തി ഒരു യോഗം നടത്തണമെങ്കില്‍ അതിനുപറ്റിയ വലിയ ഓഡിറ്റോറിയം കിട്ടണ്ടേ? ഓരോദിവസവും ഒന്നോ രണ്ടോ ക്ലാസുകളുടെ മാത്രം യോഗം നടത്തുകയാണെങ്കില്‍ അതുതീരാന്‍ ദിവസങ്ങളെടുക്കും. യോഗം എന്തായാലും നടത്തിയേപറ്റൂ എന്ന് പ്രഥമാധ്യാപകന്‍ പറഞ്ഞപ്പോള്‍ ഒന്‍പതാംക്ലാസിലെ ചില മിടുക്കന്മാര്‍ അതേറ്റെടുത്തു. 'സാറേ, അക്കാര്യം ഞങ്ങള്‍ക്കു വിട്ടേക്കൂ...'
ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ഒന്‍പതാംതരം വിദ്യാര്‍ഥികളാണ് ഈ 'ചലഞ്ച്' ഏറ്റെടുത്തത്. കുട്ടികളെയും രക്ഷിതാക്കളെയും ക്ലാസ്മുറികളിലിരുത്തി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗം നടത്താന്‍ തീരുമാനിച്ചു.
പിന്നെയവര്‍ അതിനുള്ള പെടാപ്പാടിലായിരുന്നു. മൂവായിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍, 130 അധ്യാപകര്‍; ഇത്രയും പേര്‍ യോഗത്തിലുണ്ടാകും.
77 ക്ലാസ്മുറികളിലും ഐ.ടി. അറ്റ് സ്‌കൂള്‍ നല്‍കിയ ലാപ്‌ടോപ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി. നിശ്ചയിച്ച ദിവസംതന്നെ യോഗം നടന്നു. ക്ലാസ്മുറികളില്‍ എല്ലാവര്‍ക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ രക്ഷിതാക്കളെ ഇരുത്തി കുട്ടികള്‍ നിന്നു. പ്രഥമാധ്യാപകന്‍ തത്സമയം സ്‌ക്രീനില്‍തെളിഞ്ഞു. അവര്‍ തമ്മില്‍ സംസാരിച്ചു. വിദേശത്ത് ജോലിചെയ്യുന്ന ചില രക്ഷിതാക്കളും അവിടെയിരുന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളില്‍ ഇങ്ങനെയൊരു പി.ടി.എ. നടക്കുന്നത് ഇതാദ്യമാണ്. നേരത്തേ ഐ.ടി. അറ്റ് സ്‌കൂള്‍ നടത്തിയ ഡോക്യുമെന്റേഷന്‍ ക്യാമ്പ്, ക്യാമറ സാങ്കേതികവിദ്യ, അനിമേഷന്‍, റോബോട്ടിക്‌സ്, ഹാര്‍ഡ്വേര്‍, ഇലക്ട്രോണിക്‌സ് പരിശീലനം എന്നിവയാണ് ഇതിനു പ്രചോദനമായത്.
വിദ്യാര്‍ഥികളായ യദു കൃഷ്ണ, അബ്ദുല്‍ ബാസിത്ത്, ഷാഹിന്‍, അശ്വിന്‍, കെന്‍സ ഫാത്തിമ, മുഹമ്മദ്, റിഫ തുടങ്ങിയവരാണ് സാങ്കേതികകാര്യങ്ങളെല്ലാം ചെയ്തത്. പ്രഥമാധ്യാപകന്‍ അബ്ദുല്‍മജീദ് പറങ്ങോടത്ത്, പി.ടി.എ. അംഗങ്ങളായ മൊയ്തീന്‍കുട്ടി, എ.കെ. നൗഫല്‍, പി.കെ. ഹസീന ആലസ്സന്‍കുട്ടി, എ.പി. നൗഫല്‍, ജില്ലാ ഐ.ടി. മാസ്റ്റര്‍ ട്രെയിനര്‍ പി.കെ. കുട്ടിഹസ്സന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Content Highlights: Video Conferencing, PTA Meeting