തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ക്ലാസ് കയറ്റത്തിന് വര്‍ഷാന്തവിലയിരുത്തല്‍ നടത്താനുള്ള പഠനമികവ് രേഖ അടുത്തയാഴ്ച കുട്ടികളിലേക്ക് എത്തും. സ്‌കൂളുകളില്‍നിന്ന് വിതരണംചെയ്യുന്ന പഠനമികവുരേഖയില്‍ പഠനപ്രവര്‍ത്തനം രേഖപ്പെടുത്തി സ്‌കൂളുകള്‍ക്ക് തിരിച്ചുനല്‍കണം.

ഇത് വിലയിരുത്തിയുള്ള ഗ്രേഡ്‌സ്‌കോറിന്റെ അടിസ്ഥാനത്തിലാകും ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ ക്ലാസ്‌കയറ്റം.

40 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കുള്ള പഠനമികവുരേഖയുടെ അച്ചടി പൂര്‍ത്തിയായി. 90 ശതമാനം സ്‌കൂളിലേക്കും ബി.ആര്‍.സി.കളില്‍നിന്ന് ഇത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളില്‍ വെള്ളിയാഴ്ചയോടെ വിതരണം പൂര്‍ത്തിയാകും.

വര്‍ഷാന്തവിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ക്ലാസ്‌കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിര്‍ദേശം. ഇംഗ്ലീഷ്മലയാളം മാധ്യമങ്ങള്‍ക്കുപുറമേ കന്നട, തമിഴ്, അറബിക്, സംസ്‌കൃതം ഭാഷകളിലും രേഖ അച്ചടിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിന് പുറമേ നിലവിലെ സംവിധാനത്തിന്റെ വിലയിരുത്തലിനുകൂടിയുള്ളതാണ് രേഖയെന്ന് സമഗ്രശിക്ഷാ കേരള പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ പറഞ്ഞു.

Content Highlights: Promotion for children up to Class nine: study records will be available from next week