തൃശ്ശൂര്‍: പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനം വൈകുന്നത് സംസ്ഥാനത്തെ ഡിഗ്രി കോഴ്‌സുകളില്‍ കാലിസീറ്റുകള്‍ സൃഷ്ടിച്ചേക്കും. പ്ലസ് ടു പരീക്ഷാഫലം അടുത്തയാഴ്ച വരുമ്പോള്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടിയവര്‍, പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് കാത്തുനില്‍ക്കാതെ ഡിഗ്രിക്ക് ചേരും. പിന്നീട് പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം കിട്ടി ഇവര്‍ ടി.സി. വാങ്ങിപ്പോകുമ്പോള്‍ കേരളത്തിലെ ഡിഗ്രി പ്രവേശനനടപടികള്‍ അവസാനിക്കുകയും ചെയ്യും. പ്രവേശന നടപടികള്‍ അവസാനിപ്പിച്ചാല്‍ പിന്നെ കുട്ടികളെ പ്രവേശിപ്പിക്കാനാവാതെ സീറ്റുകള്‍ ഒഴിച്ചിടേണ്ടിയും വരും.

ഇങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന മാര്‍ക്കിന് താഴെയുള്ള വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം കിട്ടാതെ വരുകയും ചെയ്യും.

സയന്‍സ് വിഷയങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുക. എല്ലാ സര്‍വകലാശാലകളും ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കേണ്ട വിഷയമായി ഇതു മാറും.

പ്ലസ്ടു ഫലം വന്നാലുടന്‍ ബിരുദ പ്രവേശനത്തിനുള്ള നടപടികള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തുടങ്ങും. പരമാവധി മൂന്ന് അലോട്ട്‌മെന്റുകള്‍ നടത്തിയാലും രണ്ടു മാസം കൊണ്ട് പ്രവേശനനടപടികള്‍ തീര്‍ക്കുന്നതാണ് മുന്‍ കൊല്ലങ്ങളിലെ അനുഭവം. അങ്ങനെയായാല്‍ ഇക്കൊല്ലത്തെ പ്രവേശനം ഓഗസ്റ്റോടെ അവസാനിപ്പിക്കേണ്ടിവരും.

എന്നാല്‍, കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷ ഓഗസ്റ്റിലാണ് നിശ്ചയിച്ചിരിക്കുന്നത്. അന്ന് പരീക്ഷ നടന്നാല്‍ അലോട്ട്‌മെന്റ് ഒക്ടോബര്‍ വരെയെങ്കിലും നീളും. ഇക്കുറി പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ഉള്‍പ്പെടുത്തില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അക്കാരണത്താല്‍ അലോട്ട്‌മെന്റ് നീളാനും സാധ്യതയുണ്ട്.

നീറ്റ് പരീക്ഷ സെപ്റ്റംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ പ്രവേശനനടപടികള്‍ ഡിസംബറെങ്കിലും ആവും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാത്രമാണ് ജൂലായ് അവസാനം പ്രഖ്യാപിച്ചിരിക്കുന്നത്. അതിലും വിവിധ അലോട്ട്‌മെന്റുകള്‍ വൈകുന്നതാണ് മുന്‍ പതിവ്.

പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനം നടക്കുമ്പോഴേക്കും, ഇപ്പോഴത്തെ നില അനുസരിച്ച് ബിരുദ കോഴ്‌സുകള്‍ ആദ്യ സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലേക്കെത്തും. സെമസ്റ്റര്‍ പകുതി കഴിഞ്ഞ് പ്രവേശനം നടത്തുക സാധ്യവുമല്ല. ഫലത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും നിരവധി കുട്ടികള്‍ റഗുലര്‍ പഠനത്തില്‍നിന്ന് പുറത്താകുകയും ചെയ്യും.

Content Highlights: Professional degree course admission delays, degree seats to be vacant