കോന്നി: എം.ജി.സര്‍വകലാശാലയിലെ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ ഇനി റഗുലര്‍കാര്‍ക്കൊപ്പം നടക്കും. ബിരുദ, പി.ജി.വിദ്യാര്‍ഥികളുടെ പരീക്ഷകളില്‍ അടുത്തഘട്ടംമുതല്‍ പരിഷ്‌കരണം കൊണ്ടുവരാനുള്ള പ്രാരംഭ നടപടികള്‍ കണ്‍ട്രോള്‍ ഓഫ് എക്സാമിനേഷന്‍ വിഭാഗം ആരംഭിച്ചു. തൊടുപുഴ നെയ്യശ്ശേരി സ്വദേശി ഗോകുല്‍ ഗോപിയും വാഴക്കുളത്തുള്ള എ.എം.മധുവും പരീക്ഷ നടത്തിപ്പിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി സര്‍വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പരീക്ഷാനടത്തിപ്പിലെ മാറ്റം.

2019-ല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷയില്‍ റഗുലറുകാര്‍ക്കൊപ്പം നടത്തുമെന്ന് സര്‍വകലാശാല ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിച്ചില്ല. 2019-ല്‍ പി.ജി. കോഴ്സിന് ചേര്‍ന്ന റഗുലര്‍ കുട്ടികളുടെ പരീക്ഷാഫലം വന്നിട്ടും പ്രൈവറ്റ് രജിസ്ട്രേഷന്‍കാരുടെ പരീക്ഷ പൂര്‍ത്തിയാക്കിയില്ല.

2018-ല്‍ അഡ്മിഷന്‍ എടുത്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2020-ല്‍ പൂര്‍ത്തിയാക്കേണ്ട അവരുടെ പരീക്ഷകള്‍ നീണ്ടുപോയതുകാരണം വര്‍ഷം നഷ്ടപ്പെട്ടവരുണ്ട്. ഡിഗ്രി വിദ്യാര്‍ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആറുമാസത്തിലൊരിക്കല്‍ നടത്തേണ്ട സെമസ്റ്റര്‍ പരീക്ഷകളില്‍ രണ്ടെണ്ണം ഒരുമിച്ചാണ് നടത്തുന്നത്.

ഇതോടെ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി പതിവായി. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. വ്യക്തമായ ഇടവേള നല്‍കി വേണം പരീക്ഷ നടത്താനെന്ന് ഹൈക്കോടതി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ സമയത്ത് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.

Content Highlights: Private students will be allowed to write exam with regular students in M.G University