ബെംഗളൂരു: അണ്‍ലോക്ക് 4-ന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇതിനിടെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്നും കോവിഡ് ഫീസ് ഈടാക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകള്‍.

കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂര്‍ണമായും സ്‌കൂളുകള്‍ക്ക് വഹിക്കാനാവില്ലെന്നും സ്വകാര്യ മാനെജ്‌മെന്റുകള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മറ്റ് അണുനശീകരണ സാമഗ്രികള്‍ എന്നിവയെല്ലാം സംഘടിപ്പിക്കുമ്പോള്‍ അധിക ബാധ്യയുണ്ടാകുന്നതായും ഇവര്‍ പറയുന്നു.

9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങിയെത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സ്‌കൂളും പരിസരവും പൂര്‍ണമായും വൃത്തിയുള്ളതും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളില്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്നും സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ അടക്കമുള്ള സൗകര്യം ലഭ്യമാക്കണമെന്നും പറയുന്നു.

Content Highlights: Private Schools in Bengaluru Want Students to Pay 'Covid Fees' as Classes Set to Restart from 21 September