തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ഫീസ് ഘടന നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവ്. വാര്‍ഷിക ഫീസ് പത്തുലക്ഷമാക്കി ഉത്തരവിറക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം തള്ളിയാണ് ഫീസ് നിശ്ചയിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഫീസില്‍ 6.41 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.

സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായാണ് ഫീസ് നിശ്ചയിച്ചതെന്ന് ഫീസ് നിര്‍ണയസമിതി ചെയര്‍മാന്‍ ജസ്റ്റിസ് രാേജന്ദ്രബാബു പറഞ്ഞു.

ഫീസ് ഘടന ചോദ്യംചെയ്ത് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും പുനഃപരിശോധിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വിധിക്കെതിരേ സര്‍ക്കാരും രക്ഷിതാക്കളുടെ സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നടപ്പാക്കരുതെന്ന് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഹൈക്കോടതിവിധിയില്‍ ഫീസ് നിര്‍ണയ സമിതി ഫീസ് പുനഃപരിശോധന നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഫീസ് ഘടനയ്ക്കുപകരം കഴിഞ്ഞവര്‍ഷത്തെ ഫീസിനൊപ്പം പണപ്പെരുപ്പ നിരക്കുകൂടി പരിഗണിച്ച് ഫീസ് പുതുക്കിനിശ്ചയിച്ചത്.

പുതുക്കിയ ഫീസ്

കൊല്ലം അസീസിയ, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്, സി.എസ്.ഐ. കാരക്കോണം, തൃശ്ശൂര്‍ ജൂബിലി, പെരിന്തല്‍മണ്ണ എം.ഇ.എസ്., തിരുവല്ല പുഷ്പഗിരി, വെഞ്ഞാറമൂട് ശ്രീഗോകുലം, തൊടുപുഴ അല്‍അസ്ഹര്‍, തൃശ്ശൂര്‍ അമല, കോഴിക്കോട് മലബാര്‍, കോലഞ്ചേരി മലങ്കര, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന 6.16 ലക്ഷം രൂപ ഈവര്‍ഷം 6.55 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

വയനാട് ഡി.എം. വിംസ് 7.012 ലക്ഷം, പാലക്കാട് കരുണ 6.32 ലക്ഷം, കോഴിക്കോട് കെ.എം.സി.ടി. 6.48 ലക്ഷം, ഒറ്റപ്പാലം പി.കെ. ദാസ് 7.07 ലക്ഷം, എറണാകുളം ശ്രീനാരായണ 7.65 ലക്ഷം, മൗണ്ട് സിയോണ്‍ 6.50 ലക്ഷം, തിരുവനന്തപുരം എസ്.യു.ടി. 6.22 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കോളേജുകളിലെ ഫീസ് നിരക്ക്. എല്ലാ കോളേജുകളിലും 20 ലക്ഷം രൂപയായിരിക്കും എന്‍.ആര്‍ഐ. ഫീസ്.

Content Highlights: private colleges in kerala increased MBBS Fees, Fee hike