കരുനാഗപ്പള്ളി: മികവ് പ്രകടിപ്പിക്കുന്ന സർവകലാശാലകൾക്ക് നിയന്ത്രണങ്ങളിൽ ഇളവുനൽകി കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുമെന്ന് കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതവിശ്വവിദ്യാപീഠം വികസിപ്പിച്ചെടുത്ത ഓഷ്യൻനെറ്റ് സംവിധാനവും അമൃതപുരി കാമ്പസിൽ ആരംഭിച്ച, ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള യുനെസ്കോ ചെയറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽനിന്ന് വിദ്യാർഥികൾ വിദേശത്തേക്ക്‌ പഠനത്തിന് പോകുന്നത് ഒഴിവാക്കാൻ മികച്ച വിദ്യാഭ്യാസ ഗവേഷണ സൗകര്യങ്ങൾ ഇന്ത്യയിൽത്തന്നെ വളർത്തിയെടുക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിന് രാഷ്ട്രീയമില്ല. അത് ഒരു ദേശീയ അജൻഡയായാണ് സർക്കാർ കാണുന്നത്. അതിന് ഇടത്‌-വലത്‌ പക്ഷമില്ലെന്നും മന്ത്രി പറഞ്ഞു. 

ഒരു ക്ഷേമരാഷ്ട്രത്തിന് അനിവാര്യമായ ഉജ്ജ്വല സൃഷ്ടികർമമാണ് മാതാ അമൃതാനന്ദമയി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ഓഷ്യൻനെറ്റ് പോലുള്ള നവീനമായ കണ്ടുപിടിത്തങ്ങൾ ഉൾക്കൊള്ളുന്ന ഇന്നൊവേഷൻ ഹബ്ബുകൾ രാജ്യത്താകമാനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ഫിഷറീസ്‌മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞുമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എം.പി., ആർ.രാമചന്ദ്രൻ എം.എൽ.എ., ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സെലീന, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ പി.വെങ്കട്ടരംഗൻ തുടങ്ങിയവർ പങ്കെടുത്തു.