കൊച്ചി: 'ആരോഗ്യമുള്ള കുട്ടികള്‍, ആരോഗ്യമുള്ള രാജ്യം' (സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്) പദ്ധതി രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്കെന്താണ് കിട്ടുന്നതെന്നകാര്യം പരിശോധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി തുടങ്ങിയ ആരോഗ്യസംരക്ഷണ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ആലുവ എന്‍.എ.ഡി. കേന്ദ്രീയവിദ്യാലയത്തില്‍ നിര്‍വഹിക്കുകായായിരുന്ന മന്ത്രി.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മോശമാണെന്ന ധാരണ തിരുത്തുന്ന ഉദാഹരണങ്ങളാണ് കേന്ദ്രീയ-നവോദയ വിദ്യാലയങ്ങള്‍. എന്നാല്‍ സര്‍വ ശിക്ഷാ അഭിയാന്റെ കീഴിലുള്ള സ്‌കൂളുകള്‍ പല കാരണങ്ങള്‍കൊണ്ടും ഈയവസ്ഥയിലേക്കെത്തുന്നില്ല. ഇത് മാറ്റാന്‍ ശ്രമം ഉണ്ടാകും.

പ്രാഥമിക അധ്യാപന പരിശീലനം പൂര്‍ത്തിയാക്കാത്ത അധ്യാപകര്‍ക്ക് തുടരാനാകില്ല. നിലവില്‍ ജോലിചെയ്യുന്ന ഇവര്‍ രണ്ടു വര്‍ഷത്തിനകം യോഗ്യത നേടണം. ഇതിന് തയ്യാറല്ലാത്തവര്‍ പുറത്തുപോകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിക്ക് അഞ്ചുലക്ഷം രൂപയാണ് പൊതുഫണ്ടില്‍നിന്ന് ചെലവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രീയവിദ്യാലയങ്ങളുടെ കമ്മിഷണര്‍ സന്തോഷ് കുമാര്‍ മല്‍, അഡീഷണല്‍ കമ്മിഷണര്‍ യു.എന്‍. ഖവാരെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള, റിയര്‍ അഡ്മിറല്‍ നട്കര്‍ണി എന്നിവര്‍ സംബന്ധിച്ചു.

ആരോഗ്യമുള്ള കുട്ടി പദ്ധതി
 
  • എല്ലാ പ്രായത്തിലും വ്യത്യസ്ത കഴിവുകളുമുള്ള കുട്ടികളുടെ സമഗ്രമായ കഴിവുകള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡ്.
  • ദിവസേന ഒരു മണിക്കൂറെങ്കിലും കായികവിനോദങ്ങള്‍ക്കായി ചെലവാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വിവരണം.
  • വിവിധ ഇനങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്നവരെ ഒളിമ്പിക്‌സിന്റെ നിലവാരത്തില്‍ മികവിലേക്ക് പ്രോത്സാഹിപ്പിക്കുക.
  • ഭിന്നശേഷിക്കാര്‍ക്കും അവസരംനല്‍കുന്ന സംവിധാനം.
  • കൃത്യമായ വിലയിരുത്തലും തുടര്‍ നടപടികളും സ്വീകരിക്കാനാകും വിധത്തിലാണ് കാര്‍ഡിന്റെ രൂപകല്‍പ്പന.