കോളേജ് പ്രിൻസിപ്പൽ, സ്കൂൾ ഹെഡ് മാസ്റ്റർ, വിദ്യാഭ്യാസ സംഘടന നേതൃത്വം തുടങ്ങിയവയ്ക്ക് പ്രാപ്‌തമായ മാനവശേഷി വികസിപ്പിച്ചെടുക്കുന്നതിനായി കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ വിദ്യാഭ്യാസ നിയമത്തിലും മാനേജ്മെന്റിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ കെ. സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി വി. ഹരി നായർ, ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് ജോസഫ് ജോൺ, മുൻ ബാർ കൗൺസിൽ ചെയർമാൻ കെ. ബി. മോഹൻദാസ്, ഉന്നത വിദ്യഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ആർ. വിജയ കുമാർ, ഡോക്ടർ ജി. സി. ഗോപാല പിള്ള, അഡ്വക്കേറ്റ് നാഗരാജ് നാരായണൻ, അഡ്വക്കേറ്റ് കെ. ബി. സോണി, അഡ്വക്കേറ്റ് സ്മിത ഗോപി, അഡ്വക്കേറ്റ് അജിത് ടി. എസ്., നുവാൽസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷീബ എസ്. ധർ എന്നിവർ പങ്കെടുത്തു.

ഒരു വർഷം ദൈർഘ്യം  ഉള്ള ഡിപ്ലോമ പദ്ധതിക്ക്  ബിരുദമാണ്  അപേക്ഷിക്കുവാൻ വേണ്ട യോഗ്യത . വിദ്യാഭ്യാസം ഭരണഘടന അവകാശവും മനുഷ്യാവകാശവും, എജൂക്കേഷൻ മാനേജ്‌മെന്റും അഡ്മിനിസ്ട്രേഷനും എന്നീ നിർബന്ധ വിഷയങ്ങൾക്കൊപ്പം പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ സാങ്കേതിക വിദ്യാഭ്യാസം, വിദ്യാഭ്യാസ ആസൂത്രണവും ഭരണവും, കേരളത്തിലെ പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസത്തിലെ സാമ്പത്തിക സ്വയംഭരണ മാനവും, പ്രതിബദ്ധത  ഉറപ്പു വരുത്തലും, ഉന്നതവിദ്യാഭ്യാസ നിയമത്തിന്റെയും നയത്തിന്റെയും പുതിയ മാനങ്ങൾ എന്നീ ഏഴു വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണവും വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാം. 

 

Content Highlights: Post Graduate Diploma Course In Law Education And Management NUALS